'തങ്ങളുടെ 600 സൈനികര്‍ അവിടെയുണ്ട്';ലെബനനിലെ യു.എന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷയില്‍ ഇന്ത്യയ്ക്ക് ആശങ്ക

'തങ്ങളുടെ 600 സൈനികര്‍ അവിടെയുണ്ട്';ലെബനനിലെ യു.എന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷയില്‍ ഇന്ത്യയ്ക്ക് ആശങ്ക

ന്യൂഡല്‍ഹി: തെക്കന്‍ ലെബനനിലെ യു.എന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.

മേഖലയിലെ ഹിസ്ബുള്ള തലവനെ ലക്ഷ്യം വെച്ചുള്ള ഇസ്രയേല്‍ വെടിവയ്പ്പിന് ശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം. 600 ഇന്ത്യന്‍ സൈനികര്‍ ലെബനനിലെ യു.എന്‍ സമാധാന സേനയുടെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കി.

അതിര്‍ത്തിയിലെ നീല രേഖയില്‍ സുരക്ഷാ സ്ഥിതി മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യു.എന്‍ ചട്ടങ്ങള്‍ എല്ലാവരും ബഹുമാനിക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. യുഎന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ലെബനനിലെ യുണൈറ്റഡ് നേഷന്‍സ് ഇന്ററിം ഫോഴ്സിന്റെ (യുണിഫില്‍) നഖൗറ ആസ്ഥാനവും സമീപത്തെ സ്ഥാനങ്ങളും ഇസ്രയേല്‍ സേന ആക്രമിച്ചതായി യു.എന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ ഇസ്രയേല്‍ സേനയുടെ ഒരു മെര്‍ക്കാവ ടാങ്ക് നഖൗറയിലെ യുണിഫില്‍ ആസ്ഥാനത്തെ ഒരു നിരീക്ഷണ ഗോപുരത്തിന് നേരെ ആയുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും യു.എന്‍ പ്രസ്താവനയില്‍ പറയുന്നു.


അതേസമയം യുണിഫില്‍ പോസ്റ്റുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.