'99 ശതമാനം ബാറ്ററി ചാര്‍ജുള്ള ഇവിഎമ്മിലെല്ലാം കോണ്‍ഗ്രസ് തോറ്റത് വിചിത്രമായ യാദൃശ്ചികത'; 20 സീറ്റുകളുടെ പട്ടിക കൈമാറിയെന്ന് പവന്‍ ഖേര

'99 ശതമാനം ബാറ്ററി ചാര്‍ജുള്ള ഇവിഎമ്മിലെല്ലാം കോണ്‍ഗ്രസ് തോറ്റത് വിചിത്രമായ യാദൃശ്ചികത'; 20 സീറ്റുകളുടെ പട്ടിക കൈമാറിയെന്ന് പവന്‍ ഖേര

ന്യൂഡല്‍ഹി: സഖ്യ കക്ഷികള്‍ തള്ളുമ്പോഴും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന്‍ ഖേര പറഞ്ഞു.

20 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ എഴുതി തയ്യാറാക്കിയതും വാക്കാലുമുള്ള പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്നത്. 99 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് കോണ്‍ഗ്രസിന്റെ പ്രധാന സംശയം. വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച ആരോപണം ഉയര്‍ത്തിയിരുന്നു.

'99 ശതമാനം ബാറ്ററി ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു'- പവന്‍ ഖേര പറഞ്ഞു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ചിരുന്നു. കനത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് കണക്കാക്കിയ ഹരിയാനയില്‍ ഗംഭീര വിജയമുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍പറത്തി ഹരിയാനയില്‍ ബിജെപി മൂന്നാംവട്ടവും അധികാരത്തിലേറുകയായിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 സീറ്റില്‍ ജയിക്കാനായി. 37 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26