മാസങ്ങള്‍ നീണ്ട ആസൂത്രണം; കൊലപാതകികള്‍ക്ക് അധോലോക ബന്ധമെന്ന് പൊലീസ്

 മാസങ്ങള്‍ നീണ്ട ആസൂത്രണം; കൊലപാതകികള്‍ക്ക് അധോലോക ബന്ധമെന്ന് പൊലീസ്

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിന്റെ കൊലയാളികള്‍ക്ക് അധോലോക സംഘവുമായി ബന്ധമെന്ന് പൊലീസ്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് കൊലപാതകികളെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന എന്‍.സി.പി നേതാവിന്റെ കൊലപാതകം സുരക്ഷാ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.

ശനിയാഴ്ച രാത്രി ഈസ്റ്റ് ബാന്ദ്രയിലെ മകന്റെ ഓഫീസിനടുത്തുവെച്ചാണ് ബാബ സിദ്ദിഖിന് വെടിയേല്‍ക്കുന്നത്. ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആക്രമികള്‍ വെടിയു ഉതിര്‍ക്കുകയായിരുന്നു. അദേഹത്തിന് നേരെ ഉതിര്‍ത്ത ആറ് വെടിയുണ്ടകളില്‍ നാലെണ്ണം നെഞ്ചിലാണ് കൊണ്ടത്. ബാബ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ കഴിഞ്ഞ ഒരു മാസമായി പദ്ധതിയിട്ട് കാത്തിരിക്കുകയാണെന്ന വിവരം പിടിയിലായവരില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

അക്രമികള്‍ രാത്രിയില്‍ ഓട്ടോറിക്ഷയിലാണ് ബാന്ദ്രയിലെത്തിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കേസ് അന്വേഷണത്തിന് നാല് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ് സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

കൊലപാതകം നടത്താന്‍ സംഘത്തിന് പണം മുന്‍കൂറായി ലഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് മുന്‍കൂറായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ തോക്കും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പൊലീസ് പറഞ്ഞു.

ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട സംഘം, ചേരി പുനരധിവാസ കേസ് എന്നിങ്ങനെ രണ്ട് ദിശകളിലായാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ബാബ സിദ്ദിഖിന് വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ ഗുജറാത്തിലെ ജയിലിലാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.