മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്.
കൊലപാതകത്തില്‍ ബിഷ്‌ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ് കൊലപാതകത്തിന്റ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുന്നത്. നേരത്തേ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതിയായിരുന്നു ലോറന്‍സ് ബിഷ്‌ണോയി.
ഷിബു ലോങ്കര്‍ എന്ന അക്കൗണ്ട് കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ബിഷ്ണോയി സംഘത്തിലെ അസോസിയേറ്റായ ശുഭം രാമേശ്വര്‍ ലോങ്കര്‍ എന്നയാളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷ്ണോയി സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശുഭം.
അനധികൃതമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ശുഭം ലോങ്കര്‍. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനായ അന്‍മോന്‍ ബിഷ്ണോയിയുമായി ബന്ധപ്പെടാറുണ്ടെന്ന് മുമ്പ് ചോദ്യം ചെയ്യലില്‍ പോലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു.
താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.