വത്തിക്കാൻ സിറ്റി: വെള്ളിയാഴ്ചത്തെ നോമ്പുകാല സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. നോമ്പുകാലം വിശ്വാസം, പ്രത്യാശ, ഉപവി എന്നീ പുണ്യങ്ങളാൽ ജീവിതം നവീകരിക്കാനുള്ള സമയം ആണ്. ഈ നോമ്പുകാലത്തിന്റെ വിചിന്തന വിഷയമായി പങ്കുവയ്ക്കുന്നതും ഇതുതന്നെയാണെന്ന് പാപ്പാ ഈ സന്ദേശത്തിലൂടെ പറയുന്നു.
"നമ്മുടെ വിശ്വാസം പുതുക്കാനും പ്രത്യാശയുടെ ജീവജലത്തിൽ നിന്ന് നുകരാനും ദൈവസ്നേഹം തുറന്ന മനസ്സോടെ സ്വീകരിക്കാനും” നോമ്പുകാലത്ത് നമുക്കാവണം. അവനവന്റെ ആവശ്യങ്ങളും ഉത്ക്കണ്ഠകളും മാറ്റിവച്ച്കൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവന് ഒരു പുഞ്ചിരി സമ്മാനിക്കാനും കഴിഞ്ഞാൽ ആ ഒരു പ്രവർത്തി കൊണ്ട് മാത്രം ചിലപ്പോൾ പ്രത്യാശ പകരാൻ കഴിയുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നോമ്പുകാലം ദൈവത്തെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും നമ്മിൽ അവന്റെ വാസസ്ഥലം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ളതാണ്. നമ്മുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പരമോന്നതമായ ആവിഷ്ക്കാരമെന്നത്, മറ്റുള്ളവരോടുള്ള കരുതലിലും അനുകമ്പയിലും ക്രിസ്തുവിന്റെ കാലടികൾ പിൻചെന്നുകൊണ്ട് ഉപവിയിൽ ജീവിക്കുകയെന്നുള്ളതാണ്.
അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ പ്രത്യാശ ഒരു വെല്ലുവിളിയായി തോന്നുമെങ്കിലും, “നാം ദൈവത്തിലേക്കു തിരിഞ്ഞാൽ നോമ്പുകാലം പ്രത്യാശയുടെ കാലമാണ്.” നോമ്പിലെ പ്രത്യാശയുടെ അനുഭവം എന്നത് “ക്രൂശിൽ ജീവൻ നൽകുകയും മൂന്നാം ദിവസം ദൈവം ഉയിർപ്പിക്കുകയും ചെയ്ത ക്രിസ്തുവിന്റെ പ്രത്യാശ സ്വീകരിക്കുക എന്നതാണ് " പാപ്പാ പറഞ്ഞു.
"സ്നേഹം ഹൃദയത്തിന്റെ കുതിച്ചുചാട്ടമാണ്" “ഇത് നമ്മിൽ നിന്ന് തന്നെ നമ്മെ പുറത്ത് കൊണ്ടുവരികയും പങ്കിടലിന്റെയും കൂട്ടായ്മയുടേതുമായ ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.” “സ്നേഹത്തിന്റെ സംസ്കാരം" കെട്ടിപ്പടുക്കുന്നതിൽ സാമൂഹിക സ്നേഹത്തിന്റെ ആവശ്യകതയും പരിശുദ്ധ പിതാവ് ഊന്നിപ്പറയുന്നു. നോമ്പുകാലം സ്നേഹാനുഭവമാക്കാൻ, കോവിഡ് -19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്നവരെ പരിചരിക്കുകയാണ് വേണ്ടത് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
“ആശ്വാസകരമായ വാക്കുകൾ സംസാരിക്കാനും ദൈവം അവരെ പുത്രന്മാരായും പുത്രിമാരായും സ്നേഹിക്കുന്നുവെന്ന്, മനസ്സിലാക്കാനും അവരെ സഹായിക്കാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു". പരിവർത്തനത്തിന്റെ ഒരു യാത്ര എന്നാൽ “നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്നേഹിക്കാനുമുള്ള സമയമാണ്” എന്ന് ഓർമ്മിപ്പിച്ച ശേഷം ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26