ഇറാന്റെ സൈനിക, ഊര്‍ജ കേന്ദ്രങ്ങള്‍ നോട്ടമിട്ട് ഇസ്രയേല്‍; യു.എന്‍ സമാധാന സേനയോട് തെക്കന്‍ ലെബനനില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ നെതന്യാഹു

ഇറാന്റെ സൈനിക, ഊര്‍ജ കേന്ദ്രങ്ങള്‍ നോട്ടമിട്ട് ഇസ്രയേല്‍;  യു.എന്‍ സമാധാന സേനയോട് തെക്കന്‍ ലെബനനില്‍ നിന്ന്  ഉടന്‍ ഒഴിഞ്ഞു പോകാന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ സൈനിക, ഊര്‍ജ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ തങ്ങള്‍ക്ക് നേരെ നടത്തിയ അപ്രതീക്ഷിത മിസൈലാക്രമണത്തില്‍ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇസ്രയേലിന്റെ ആക്രമണം പ്രതിരോധിക്കുന്നതിന് അതിരുകളുണ്ടാകില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖിയുടെ പ്രഖ്യാപനം. സമ്പൂര്‍ണ യുദ്ധത്തിലേക്ക് സാഹചര്യം നീങ്ങാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തിയിട്ടുണ്ട്. ഞങ്ങളുടെ ജനങ്ങളേയും താല്‍പര്യങ്ങളേയും സംരക്ഷിക്കുന്നതിന് മുന്നില്‍ ചുവപ്പ് വരകളൊന്നുമില്ലെന്നും അബ്ബാസ് അറാഖി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

നിലവില്‍ തെക്കന്‍ ലെബനന്‍ കേന്ദ്രീകരിച്ചാണ് ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം 200 ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേലി വ്യോമസേന വ്യക്തമാക്കി. ലെബനനില്‍ നിന്ന് തൊടുത്ത അഞ്ച് മിസൈലുകള്‍ നിര്‍വീര്യമാക്കിയതായും തെക്കന്‍ ലെബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ഭാഗമായവരേയും ആയുധങ്ങളും പിടികൂടിയതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

അതിനിടെ തെക്കന്‍ ലെബനനിലെ യു.എന്‍ സമാധാന സേനയോട് അതിര്‍ത്തി പ്രദേശത്ത് നിന്ന് ഉടന്‍ ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തില്‍ യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

എന്നാല്‍ ആക്രമണത്തിന് ഇരയായെങ്കിലും ലെബനാനിലെ ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സേനയായ യുനിഫില്‍, അതിര്‍ത്തി പ്രദേശത്ത് നിന്ന് തങ്ങളുടെ സേനാംഗങ്ങളെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു ആവശ്യവുമായി യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസിനെ കണ്ടത്.

ഇസ്രായേല്‍ സൈന്യം യുനിഫിലിനോട് പ്രദേശത്ത് നിന്ന് പോകാന്‍ പല തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാബിനറ്റ് യോഗത്തില്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഈ ആവശ്യം നിരന്തരം വിസമ്മതിച്ച അവര്‍ ഹിസ്ബുള്ളയ്ക്ക് മനുഷ്യ  കവചം ഒരുക്കുകയാണ്.

സൈനികരെ ഒഴിപ്പിക്കാനുള്ള യു.എന്നിന്റെ വിസമ്മതം അവരെ ഹിസ്ബുള്ളയുടെ ബന്ദികളാക്കുകയാണ്. ഇത് അവരുടെയും ഇസ്രയേല്‍ സൈനികരുടെയും ജീവന്‍ അപകടത്തിലാക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം തെക്കന്‍ ലെബനനില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഇതോടെ 12 ലക്ഷത്തോളം പേര്‍ പലായനം ചെയ്യേണ്ടി വന്നതായാണ് ലെബനന്‍ സര്‍ക്കാര്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.