ചേലക്കരയില്‍ രമ്യ ഹരിദാസ്, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍; എല്‍ഡിഎഫില്‍ യു.ആര്‍ പ്രദീപ്, കെ. ബീനമോള്‍, വസീഫ് എന്നിവര്‍ക്ക് സാധ്യത

ചേലക്കരയില്‍ രമ്യ ഹരിദാസ്, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍; എല്‍ഡിഎഫില്‍ യു.ആര്‍ പ്രദീപ്, കെ. ബീനമോള്‍, വസീഫ് എന്നിവര്‍ക്ക് സാധ്യത

തിരുവനന്തപുരം: ഇലക്ഷന്‍ കമ്മീഷന്റെ പ്രഖ്യാപനം വന്നതോടെ കേരളം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിന്റെ പേരുമാണ് എഐസിസിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപിന്റെ പേരാണ് പാര്‍്ടടി നേതൃത്വത്തിന്റെ മനസിലുള്ളത്. മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസാംഗമായിരുന്ന അദേഹം 2021 ല്‍ കെ. രാധാകൃഷ്ണന് മത്സരിക്കുന്നതിന് വേണ്ടി മാറി നില്‍ക്കുകയായിരുന്നു.

മുന്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതനാണ് പ്രദീപ്. അതുകൊണ്ട് തന്നെ ഇവിടെ മറ്റൊരു പേരിലേക്കും പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ കടന്നില്ല. അതേസമയം പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബീനമോളുടെ പേരാണ് പാര്‍ട്ടിയുടെ പ്രഥമ പരിഗണനയിലുള്ളത്. എന്നാല്‍ മറ്റ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വസീഫ് അടക്കമുള്ളവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

2016 ലും 2021 ലും സിപിഎം പാലക്കാട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. മെട്രോമാന്‍ ശ്രീധരനുമായി കടുത്ത മത്സരം നേരിട്ടാണ് മൂവായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ഷാഫി ജയിച്ച് കയറിയത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ സിപിഐ അവരുടെ സ്ഥാനാര്‍ത്ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പീരുമേട് മുന്‍ എംഎല്‍എ ഇ.എസ് ബിജിമോളുടെ പേരിനാണ് മുന്‍ഗണന.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ചേലക്കരയില്‍ ടി.എന്‍ സരസുവിനെ രംഗത്തിറക്കി കടുത്ത മത്സരത്തിനാണ് എന്‍ഡിഎ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്തിയതാണ് സരസുവിന് തുണയാകുന്നത്.

പാലക്കാട് മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ജയസാധ്യത കൂടുതലുള്ള മണ്ഡലമെന്ന നിലയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ചേലക്കരയില്‍ പ്രാദേശിക നേതാവ് കെ. ബാലകൃഷ്ണന്റെ പേരും എന്‍ഡിഎ പരിഗണിക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.