ചങ്ങനാശേരി: ആധുനിക സിറോ മലബാർ സഭയുടെ പിതാവെന്നറിയപ്പെടുന്ന ഫാ. പ്ലാസിഡ് ജെ പൊടിപ്പാറ സി.എം.ഐ യുടെ ജനനത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് സ്റ്റഡി സെല്ലിന്റെ നേതൃത്വത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 വെള്ളിയാഴിച്ച വൈകിട്ട് ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന വെബിനാർ സി.എം.ഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ. റോയ് കണ്ണഞ്ചിറ സി എം ഐ ഉദ്‌ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അനുഗ്രഹ പ്രഭാഷണം നടത്തുന്ന വെബിനറിൽ ഫാ. ഡോ ജോബി ജോസ് കൊച്ചുമുട്ടം സി.എം.ഐ വിഷയാവതരണം നടത്തും. പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം, ഗൾഫ് കോർഡിനേറ്റർ ബിജു മട്ടാഞ്ചേരി, അതിരൂപതാ കോർഡിനേറ്റർ ഷെവലിയർ സിബി വാണിയപ്പുരക്കൽ, കുവൈറ്റ് കോർഡിനേറ്റർ ശ്രീ ഷാജിമോൻ ജോസഫ് ഈരേത്തറ എന്നിവർ ആശംസകൾ നേരും.
ഫാ. പ്ലാസിഡ് പൊടിപ്പാറയെക്കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് ഈ വെബിനാറിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുമെന്ന് സ്റ്റഡി സെൽ കോർഡിനേറ്റർമാരായ സനോഷ് ബാബു, ബോബി തോമസ് കയ്യാലപ്പറമ്പിൽ, ബിജോയ് കട്ടപ്പുറം എന്നിവർ അറിയിച്ചു.
ഫാ. പ്ലാസിഡ് ജെ പൊടിപ്പാറ
സിറോ മലബാർ സഭയുടെ ആത്മീയ ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വവും കർമ്മ ധീരനുമായിരുന്ന വ്യക്തിയായിരുന്നു.1899 ഒക്ടോബർ മൂന്നിന് കോട്ടയം മാന്നാനത്ത് ജനിച്ചു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചൗസേപ്പച്ചന് എന്ന് വിളിച്ചിരുന്ന ഫാദർ 1918 ല്‍ കര്‍മലീത്താ സഭയില്‍ ചേര്‍ന്ന് മാര്‍ യൗസേപ്പിന്റെ പ്ലാസിഡ് എന്ന പേര് സ്വീകരിച്ച് 1919 സെപ്റ്റംബര്‍ 15 ന് പ്രഥമ സന്ന്യാസ വ്രതവാഗ്ദാനം നടത്തി.
തൃശൂര്‍ അമ്പഴക്കാട്ട് സന്യാസ പരിശീലനവും മംഗലാപുരത്ത് ജെസ്യൂട്ട് വൈദികരുടെ ശിക്ഷണത്തില്‍ വൈദിക പരിശീലനവും പൂര്‍ത്തിയാക്കി. 1927 ഡിസംബര്‍ മൂന്നിന് വൈദികപട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ഫിലോസഫി, തിയോളജി, കാനോൻ ലോ എന്നിവയിൽ മൂന്ന് ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ട്. ഇരുപത്തിനാല് വർഷം അദേഹം കേരളത്തിലെ സിഎംഐ കോൺഗ്രിഗേഷൻ്റെ മേജർ സെമിനാരിയിൽ പ്രൊഫസറായി സഭയെ സേവിച്ചു.
മാത്രമല്ല സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ എപ്പാർക്കികളിൽ വിവിധ അപ്പോസ്തോലിക പ്രവർത്തനങ്ങളിൽ മുഴുകി പ്രസംഗങ്ങളും റിട്രീറ്റുകളും നൽകി ക്ലാസുകളെടുത്തു. പ്ലാസിഡ് അച്ചൻ 1985 ഏപ്രിൽ 27 ന് 86-ാം മത്തെ വയസിൽ ചങ്ങനാശേരി ചെത്തിപ്പുഴയിൽ വച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.