നീതിദേവത ഇനി മുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും: കൈയില്‍ വാളിനു പകരം ഭരണഘടന; സമഗ്ര മാറ്റവുമായി സുപ്രീം കോടതി

നീതിദേവത ഇനി മുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും: കൈയില്‍ വാളിനു പകരം ഭരണഘടന; സമഗ്ര മാറ്റവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ നീതി നിര്‍വഹണത്തിന്റെ പ്രതീകമായിരുന്ന നീതിദേവതയുടെ പ്രതിമ ഇനിമുതല്‍ കണ്ണുകള്‍ തുറന്ന് നില്‍ക്കും. രാജ്യത്തെ നിയമത്തിന് അന്ധതയില്ല എന്ന സന്ദേശമാണ് നീതിദേവതയുടെ കണ്ണുകള്‍ തുറക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഉത്തരവ് പ്രകാരം പരിഷ്‌കരിച്ച പ്രതിമ സുപ്രീം കോടതി ജഡ്ജിമാരുടെ ലൈബ്രറിയില്‍ സ്ഥാപിച്ചു.

ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടായിരുന്ന ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഭാരതീയ ന്യായ സംഹിതയിലേക്കുള്ള മാറ്റത്തിന് പിന്നാലെയാണ് ഈ മാറ്റവും. വലതുകൈയിലെ തുല്യതയുടെ തുലാസിന് നേരെ തലയുയര്‍ത്തി ഇത്രയും കാലം കൈയിലേന്തിയ വാളിന് പകരം ഇടതുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തിയായിരിക്കും നീതിദേവത ഇനി നില്‍ക്കുക. നിയമം ശിക്ഷയുടെ പ്രതീകമല്ല, നിയമത്തിന് അന്ധതയില്ല എന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുക.

നീതിദേവതയുടെ കണ്ണുകളെ മറച്ചുവെച്ചത് കൊണ്ട് ഇത്രയും കാലം ഉദ്ദേശിച്ചത് നിയമത്തിന് മുന്നിലെ തുല്യതയാണ്. കോടതിയ്ക്ക് മുന്നില്‍ നീതി തേടി ഹാജരാവുന്നവരുടെ സമ്പത്തിലോ അധികാരത്തിലോ മറ്റ് പകിട്ടുകളിലോ കോടതി ആകര്‍ഷിക്കപ്പെടില്ല എന്നതായിരുന്നു സൂചന. അനീതിയ്ക്കെതിരെ ശിക്ഷിക്കാനുള്ള അധികാര ശക്തിയെയായിരുന്നു കൈയിലേന്തിയ വാള്‍ പ്രതിനിധാനം ചെയ്തത്.

നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് ഇരുപക്ഷത്തിന്റെയും വസ്തുതകളും വാദങ്ങളും കോടതികള്‍ തൂക്കിനോക്കുന്നു എന്ന ആശയം നിലനിര്‍ത്തുവാനായിട്ടാണ് വലത് കൈയിലെ നീതിയുടെ തുലാസുകള്‍ നിലനിര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.