ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 25 മരണം, 49 പേര്‍ ചികിത്സയില്‍; നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി

 ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 25 മരണം, 49 പേര്‍ ചികിത്സയില്‍; നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി

പട്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 25 പേര്‍ മരിച്ചു. 49 പേര്‍ ചികിത്സയില്‍. മദ്യത്തില്‍ മീഥൈയില്‍ ആല്‍ക്കഹോള്‍ കലര്‍ത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു. ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളിലുണ്ടായ ദുരന്തത്തില്‍ 25 പേര്‍ മരിച്ചതായി ബിഹാര്‍ ഡി.ജി.പി അറിയിച്ചു. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ദുരന്തത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. മദ്യപാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മരണങ്ങള്‍ വര്‍ധിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ അനധികൃത വില്‍പന വ്യാപകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുപ്പതിലധികം ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പോലും നിതീഷ് കുമാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവും പറഞ്ഞു. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഇത്തരം ദുരന്തങ്ങള്‍ അഴിച്ചുവിടുന്ന മാഫിയകള്‍ക്ക് സംരക്ഷണമുണ്ടെന്നും അദേഹം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.