ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ 107ാം വാര്‍ഷികം; അമേരിക്കയിൽ‌ നടന്നത് 22662 ജപമാല റാലികള്‍

ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ 107ാം വാര്‍ഷികം; അമേരിക്കയിൽ‌ നടന്നത് 22662 ജപമാല റാലികള്‍

വാഷിങ്ടൺ ഡിസി: ഫാത്തിമ ദർശനങ്ങളിലെ ആറ് മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം സംഭവിച്ചതിന്റെ 107 വാർഷികാഘോഷം പ്രാർത്ഥനയോടെ ആചരിച്ച് വിശ്വാസികൾ. അമേരിക്കയിൽ മാത്രം 22,662 ജപമാല റാലികള്‍ നടന്നു. ‘അമേരിക്ക നീഡ്‌സ് ഫാത്തിമ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലിന് മുന്നില്‍ മുതല്‍ ചെറു പട്ടണങ്ങളില്‍ വരെ ജപമാല റാലികള്‍ നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ജപമാല റാലിയാണിതെന്നാണ് വിലയിരുത്തൽ. രാഷ്ട്രത്തിന് വേണ്ടി ഫാത്തിമ മാതാവിൻ്റെ മാധ്യസ്ഥം തേടുന്നതിനായി പൊതു വേദികളിൽ പ്രത്യക്ഷപ്പെടാൻ ഭയപ്പെടാത്ത രാജ്യത്തുടനീളമുള്ള കത്തോലിക്കരുടെ അചഞ്ചലമായ ഭക്തിയുടെ തെളിവായിരുന്നു ജപമാല റാലി.

1917 ഒക്‌ടോബര്‍ 13 ന് ഫാത്തിമയില്‍ സൂര്യന്‍ നൃത്തം ചെയ്ത സംഭവത്തിന് പതിനായിരക്കണക്കിന് ജനങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നു. ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികളായ ജസീന്ത, ഫ്രാന്‍സിസ്‌കോ, ലൂസിയ എന്നിവര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് ലോകത്തോട് പ്രാര്‍ത്ഥനയ്ക്കും പശ്ചാത്താപത്തിനും മാനസാന്തരത്തിനുമുള്ള ആഹ്വാനം നല്‍കി എന്നുള്ളതിന് സ്വര്‍ഗം നല്‍കിയ സ്ഥിരീകരണമായിരുന്നു നഗ്നനേത്രങ്ങള്‍ക്കൊണ്ട് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം ദൃശ്യമായ ആ സൂര്യനൃത്തം.

വർഷങ്ങൾ നീണ്ട സൂക്ഷ്മവും ഉത്തരവാദിത്ത പൂർണവുമായ പരിശോധനകൾക്കുശേഷം ഫാത്തിമ പ്രത്യക്ഷീകരണങ്ങൾ 1930 ഒക്ടോബർ 13 ന് കത്തോലിക്കാ സഭ അംഗീകരിച്ചു. 1981 ൽ വധ ശ്രമത്തിൽ നിന്ന് രക്ഷപെട്ട ജോൺ പോൾ രണ്ടാമൻ പാപ്പ തൻ്റെ സംരക്ഷണത്തിന് കാരണം ഫാത്തിമാ മാതാവാണന്ന് പരസ്യയമായി ഏറ്റു പറഞ്ഞു. 1982 മെയ് 13 ന് മാർപ്പാപ്പ ഫാത്തിമ സന്ദർശിച്ചപ്പോൾ കന്യാമറിയത്തിന്റെ തിരുസ്വരുപത്തിലെ കിരീടത്തിൽ തൻ്റെ ശരീരത്തിലേറ്റ വെടിയുണ്ട ഉപകാരസ്മരണയായി അണിയിച്ചു.

ഫാത്തിമ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാർഷികത്തിൽ 2017ൽ ഫ്രാൻസീസ് പാപ്പ സ്പാനീഷ് ഫ്ലൂ എന്ന പകർച്ചവ്യാധിയിൽ മരണമടഞ്ഞ സഹോദരങ്ങളായ ജസീന്തായെയും, ഫ്രാൻസിസ്കോയേയും വിശുദ്ധ പദവിയിലേക്കു ഉയർത്തി. അവരെ ഇക്കാലഘട്ടത്തിലെ ക്രിസ്തീയ ജീവിതത്തിൻ്റെ മോഡലുകളായി ആണ് പാപ്പാ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.