ലോകമെമ്പാടും ദേവാലയങ്ങളില്‍ ദുരൂഹമായ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നു; ഫ്‌ളോറിഡയിലെ കത്തോലിക്ക പള്ളിയില്‍ 16 മാസത്തിനിടെ രണ്ടാമതും തീപിടിത്തം

ലോകമെമ്പാടും ദേവാലയങ്ങളില്‍ ദുരൂഹമായ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നു; ഫ്‌ളോറിഡയിലെ കത്തോലിക്ക പള്ളിയില്‍ 16 മാസത്തിനിടെ രണ്ടാമതും തീപിടിത്തം

ടലഹാസി: ഫ്‌ളോറിഡയിലെ കത്തോലിക്ക പള്ളിയില്‍ 16 മാസത്തിനിടെ രണ്ടാമതും തീപിടിത്തമുണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ഇടവക ദേവാലയം വീണ്ടും അടച്ചുപൂട്ടി. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള ഇന്‍കാര്‍നേഷന്‍ കാത്തലിക് പള്ളിയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആദ്യമായി തീപിടിത്തമുണ്ടായത്. അന്ന് കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് പള്ളിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ വിശുദ്ധ കുര്‍ബാന താല്‍ക്കാലികമായി പാരിഷ് ഹാളിലേക്ക് മാറ്റിയിരുന്നു. ഇടവകയുടെ ഈ താല്‍ക്കാലിക പള്ളിയിലാണ് കഴിഞ്ഞ ദിവസം മറ്റൊരു തീപിടിത്തമുണ്ടായത്.

ഒക്ടോബര്‍ 16-ന് രാവിലെ, താത്കാലിക അള്‍ത്താരയിലും പരിസരത്തും അഗ്നിബാധയുണ്ടായതായി ഇടവക വെബ്സൈറ്റില്‍ കുറിച്ചു. ബോധപൂര്‍വ്വം തീയിട്ടതാണെന്ന ഇടവകാംഗങ്ങളുടെ ആരോപണത്തിന്‍മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ തീപിടിത്തത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.

അമേരിക്കയിലുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ 1973 ലെ സുപ്രീം കോടതി വിധി അസാധുവാക്കിയതിന്റെ ഒന്നാം വാര്‍ഷികമായ ജൂണ്‍ 24-നാണ് കഴിഞ്ഞ വര്‍ഷം തീപിടിത്തമുണ്ടായത്. അന്നത്തെ തീപിടിത്തത്തില്‍ ബലിപീഠവും സക്രാരിയും ഉള്‍പ്പെടെ കത്തിയെങ്കിലും,
തിരുവോസ്തി തീയെ അതിജീവിച്ചു. ഇതേതുടര്‍ന്ന് 5.7 മില്യണ്‍ ഡോളറിന്റെ നവീകരണ പദ്ധതിയാണ് ആരംഭിച്ചത്. 4,000 ചതുരശ്ര അടി വിസ്തൃതിയുള്ള പള്ളി നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും തീപിടിത്തമുണ്ടായത്.

കഴിഞ്ഞ ദിവസം തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ സെന്റ് ആന്റണീസ് ഓഫ് പാദുവ ദേവാലയവും ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റും കത്തിനശിച്ചു. 17-ാം നൂറ്റാണ്ടില്‍ മരം കൊണ്ട് നിര്‍മിച്ച ചരിത്രപ്രസിദ്ധമായ കെട്ടിടമാണ് തീപിടിത്തത്തില്‍ നശിച്ചത്. ആളപായമുണ്ടായില്ലെങ്കിലും ദുരൂഹമായ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വിശദമായ വായനയ്ക്ക്:

ചിലിയിലെ ചരിത്രസ്മാരകമായ സെന്റ് ആന്റണീസ് ദേവാലയവും കോണ്‍വെന്റും കത്തിനശിച്ചു; ദേവാലയങ്ങള്‍ അഗ്നിക്കിരയാകുന്നത് തുടര്‍ക്കഥ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.