കണ്ണില്‍ കണ്ടതെല്ലാം കോമ്പിനേഷന്‍ ആക്കിയാല്‍ പണി കിട്ടും..!

കണ്ണില്‍ കണ്ടതെല്ലാം കോമ്പിനേഷന്‍ ആക്കിയാല്‍ പണി കിട്ടും..!

ഭക്ഷണം ആസ്വദിക്കാത്ത മനുഷ്യരുണ്ടോ? ആഹാര കാര്യങ്ങളില്‍ പ്രധാനമാണ് കോമ്പിനേഷന്‍. എതോക്കെ ഭക്ഷണങ്ങള്‍ ഏതെല്ലാം ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാമെന്ന് നാം പ്രത്യേകം ശ്രദ്ധിക്കണം. വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നത് പലപ്പോഴും നമുക്ക് ഇഷ്ടപ്പെടുമെങ്കിലും ഇത്തരം ആഹാരങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പാലും പഴവും ഒരുമിച്ച് കഴിക്കാനാണ് നമുക്ക് ഇഷ്ടം. എന്നാല്‍ ഇവ രണ്ടും വിരുദ്ധാഹാരങ്ങളുടെ കൂട്ടത്തിലാണ് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്‍ വിവിധ വിരുദ്ധാഹാരങ്ങള്‍ വേറെയും ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

പാലും സിട്രസ് പഴങ്ങളും

രാവിലെ എഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ കിടക്കുന്നതിന് മുമ്പോ പാല്‍ കുടിക്കുന്ന ശീലം മിക്ക ആളുകള്‍ക്കും ഉണ്ട്. ചിലപ്പോഴൊക്കെ പാലിനൊപ്പം എന്തെങ്കിലും ഫല വര്‍ഗങ്ങളും നാം കഴിക്കാറുണ്ട്. എന്നാല്‍ സിട്രസ് അടങ്ങിയ ഫല വര്‍ഗമാണ് കഴിക്കുന്നതെങ്കില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. അസിഡിറ്റി, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും. അതിനാല്‍ പാല്‍ കുടിച്ച് 20 മിനിറ്റുകള്‍ക്ക് ശേഷമോ അതില്‍ കൂടുതല്‍ സമയമോ കഴിഞ്ഞ് സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

ചൂടുവെള്ളവും തേനും

ഗ്രീന്‍ ടീയിലും മറ്റ് പാനീയങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. ചൂടുവെള്ളത്തിലേക്ക് തേന്‍ നേരിട്ട് ഒഴിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തേന്‍ ചൂടാക്കുമ്പോള്‍ രാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വിഷ വസ്തുക്കള്‍ പുറംന്തള്ളുന്നു. ഇത് ദഹന പ്രശ്നങ്ങളിലേക്കും മറ്റും വഴിവയ്ക്കും.

മീനും പാലും

പാലും മീനും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ത്വക്ക് രോഗങ്ങള്‍ക്കും മറ്റ് അലര്‍ജികളിലേക്കും ഈ കോമ്പിനേഷന്‍ വഴി വയ്ക്കും. മീന്‍ കഴിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രം പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് മാംസാഹാരങ്ങള്‍ക്കൊപ്പവും പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബീന്‍സും വെണ്ണയും

വടപാവ്, പാവ് ബജി തുടങ്ങിയ ആഹാരങ്ങളില്‍ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് ബീന്‍സും വെണ്ണയും. രണ്ടും കൂടിചേരുമ്പോള്‍ വ്യത്യസ്ത രുചിയും മണവുമാണെങ്കിലും ഇത്തരം ആഹാരങ്ങള്‍ ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെണ്ണയിലും ബീന്‍സിലും പ്രോട്ടീന്‍ കൂടുതലാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അമിതമായി വണ്ണം വയ്ക്കുന്നതിനും കാരണമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.