ബോംബ് ഭീഷണി:ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

 ബോംബ് ഭീഷണി:ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ പരിശോധനയില്‍ അപകടമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിച്ചു.

ഏകദേശം 12:40 ന് (ഇന്ത്യന്‍ സമയം) ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തുടര്‍ന്ന് അടിയന്തിര പരിശോധനകള്‍ നടത്തി. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടതായി എയര്‍ലൈന്‍ ശനിയാഴ്ച അറിയിച്ചു.

വ്യാജ ബോംബ് ഭീഷണികളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഒരാഴ്ചയ്ക്കിടെ 15 വിമാനങ്ങള്‍ക്ക് സമാനമായ ഭീഷണികള്‍ ലഭിച്ചിരുന്നു. ഇവയില്‍ പലതും പറന്നുയരുന്നതിന് മുമ്പ് പരിശോധന നടത്തി യാത്ര തുടരുകയും മറ്റ് ചിലത് വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്‌ലൈറ്റിന് ഇന്നലെ യുകെ 17 സോഷ്യല്‍ മീഡിയയിലാണ് സുരക്ഷാ ഭീഷണി ലഭിച്ചത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടന്‍ അറിയിക്കുകയും മുന്‍കരുതല്‍ നടപടിയായി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ആകാശ എയര്‍ വിമാനത്തിന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും സുരക്ഷാ പരിശോധനകള്‍ക്കായി ഇറക്കി. പിന്നീട് ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.

സമീപ ദിവസങ്ങളില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 15 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ വ്യാജഭീഷണി ആയിരുന്നു.
ബോംബ്, ചോരചിന്തും, സ്‌ഫോടക വസ്തുക്കള്‍, ഇതൊരു തമാശയല്ല, നിങ്ങള്‍ എല്ലാവരും മരിക്കും എന്നിങ്ങനെയുള്ള വ്യാജ ഭീഷണികളില്‍ ഉപയോഗിക്കുന്ന ചില പൊതുവായ വാക്കുകളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 14 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡില്‍ നിന്നുള്ള 17 വയസുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീഷണി പോസ്റ്റ് ചെയ്ത ഐപി വിലാസങ്ങളില്‍ ചിലത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ സ്ഥലങ്ങളില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിവിധ പൊലീസ് സംഘങ്ങള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) സേവന ദാതാക്കളെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെയും ബന്ധപ്പെട്ടിട്ടുണ്ട്. വിപിഎന്നുകള്‍ ഐപി വിലാസങ്ങള്‍ മറയ്ക്കുന്നു. ഇത് ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടിലാക്കുന്നു.

അതേസമയം വ്യാജ ബോംബ് ഭീഷണികള്‍ തടയാന്‍ കുറ്റവാളികളെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.