എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നവീന്റെ കുടുംബവും സഹപ്രവര്‍ത്തകരും; അരുണ്‍ കെ. വിജയനെ മാറ്റിയേക്കും

എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നവീന്റെ കുടുംബവും സഹപ്രവര്‍ത്തകരും; അരുണ്‍ കെ. വിജയനെ മാറ്റിയേക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അദേഹത്തിന്റെ കുടുംബവും കളക്ടറേറ്റ് ജീവനക്കാരുമടക്കം എതിരായ സാഹചര്യത്തില്‍ അരുണ്‍ കെ. വിജയനെ കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കും.

സംഭവത്തില്‍ റവന്യൂ വകുപ്പിന്റെ ഉന്നതതല അന്വേഷണം തുടങ്ങി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത കണ്ണൂരിലെത്തി കളക്ടറുടെ മൊഴിയെടുത്തു. പെട്രോള്‍ പമ്പ് അനുമതിയില്‍ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കളക്ടറോട് ചോദിക്കുന്നത്.

സംഭവത്തില്‍ റവന്യൂ മന്ത്രിക്ക് നേരത്തെ കളക്ടര്‍ ഒരു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കളക്ടര്‍ക്കെതിരെയും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് എ. ഗീത കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടാണ് ചെന്നതെന്ന പി.പി ദിവ്യയുടെ വാദം കളക്ടര്‍ തള്ളി.

നവീന്‍ ബാബുവിന്റെ ബന്ധുക്കളും കളക്ടറേറ്റ് ജീവനക്കാരും കളക്ടര്‍ക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി.

എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താന്‍ പോകുന്ന പരാമര്‍ശങ്ങളെക്കുറിച്ച് കളക്ടര്‍ക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. അതുകൊണ്ടാണ് ഇടപെടാതിരുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം കളക്ടര്‍ അരുണ്‍ കെ. വിജയനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജനസംഘടനകള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച, കെ.എസ്.യു എന്നീ സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.