ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓസ്വാള്‍ ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ഉടമ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പൊലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
ഒരു ഷെഫിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസുമായും ക്രിപ്റ്റോകറന്‍സി ഇടപാട് ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.
ഇരുപത്താറുകാരിയായ വസുന്ധര ഓസ്വാള്‍ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പിന്നീടുള്ള ജീവിതം ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു. സ്വിസ് സര്‍വകലാശാലയില്‍ നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ നേടിയിട്ടുണ്ട്.
ഓസ്വാള്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി ചുമതല വഹിക്കുന്ന വ്യക്തിയാണ് വസുന്ധര ഓസ്വാള്‍. ബിരുദപഠന കാലത്ത് തന്നെ പ്രോ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ച വസുന്ധര നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വസുന്ധരയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിലൂടെയാണ് ഇവര്‍ ഉഗാണ്ടയില്‍ തടവിലാണെന്ന കാര്യം പുറം ലോകമറിയുന്നത്. വസുന്ധരയെ വളരെ മോശം അവസ്ഥയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുളിക്കാനും വസ്ത്രം മാറാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നും വസുന്ധരയ്ക്ക് ആങ്സൈറ്റി അറ്റാക്ക് ഉണ്ടായിട്ട് പോലും അധികൃതര്‍ വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.
ഒക്ടോബര്‍ ഒന്നിനാണ് വസുന്ധരയെ അവരുടെ ഇ.എന്‍.എ. പ്ലാന്റില്‍ നിന്നും ആയുധധാരികളായ 20 പേരടങ്ങുന്ന സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്. കാണാതായ ഒരാളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വസുന്ധരയെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഈ ആരോപണം ആദ്യഘട്ടത്തില്‍ തന്നെ കുടുംബം നിഷേധിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കമ്പനിയുടെ നിയമോപദേഷ്ടാവ് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
വസുന്ധരയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ളവ അധികൃതര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് പിതാവ് പങ്കജ് ഓസ്വാള്‍ യുണൈറ്റഡ് നേഷന്‍സ് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്ററി ഡിറ്റെന്‍ഷന്‍ വിഭാഗത്തിന് പരാതി നല്‍കി.
വസുന്ധരയുടെ കമ്പനിയിലെ മുന്‍ ജീവനക്കാരന്റെ നല്‍കിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് മകളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് ഓസ്വാള്‍ കുടുംബം പറയുന്നത്. പഞ്ചാബ് ആസ്ഥാനമായുള്ള ഓസ്വാള്‍ കുടുംബം വ്യവസായ മേഖലയിലെ വിജയങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം പേരെടുത്തിട്ടുള്ള ഈ കുടുംബം സ്വിറ്റ്സര്‍ലന്‍ഡില്‍ 200 മില്ല്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കിയതും അടുത്തിടെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.