പിഎഫ്‌ഐയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കള്‍; വിദേശ സന്ദര്‍ശനം കേന്ദ്രീകരിച്ചും അന്വേഷണം

പിഎഫ്‌ഐയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കള്‍; വിദേശ സന്ദര്‍ശനം കേന്ദ്രീകരിച്ചും അന്വേഷണം

തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മലയാളി ഭീകര നേതാക്കളെന്ന് കേന്ദ്ര അന്വേഷണ സംഘം. നിരോധനത്തിന് ശേഷം രണ്ടാം നിര നേതാക്കളുടെ നിരന്തര ഗള്‍ഫ് സന്ദര്‍ശനം കേന്ദ്രീകരിച്ചും വിവിധ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

പിഎഫ്‌ഐക്ക് സിങ്കപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പതിമൂവായിരത്തിലധികം സജീവ അംഗങ്ങള്‍ ഉള്ളതായി ഇഡി വ്യക്തമാക്കിയിരുന്നു. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു പിഎഫ്‌ഐയുടെ അനുബന്ധ ഗ്രൂപ്പുകള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലെ സജീവ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതികളും സംഘടന തയ്യാറാക്കിയിരുന്നു. അംഗത്വ പ്രചാരണത്തിന് പ്രത്യേക കമ്മിറ്റികളും ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

നിരോധനത്തിന് ശേഷം ഒന്നാം നിര നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളടക്കം നിയന്ത്രിച്ചത് രണ്ടാംനിര നേതാക്കളാണ്. ഫണ്ട് ശേഖരണത്തിനായാണ് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ഹവാലയായാണ് രാജ്യത്തെത്തിയത്. സംഭാവനയായി എത്തിയ പണം കൈകാര്യം ചെയ്തത് രണ്ടാം നിര നേതാക്കളാണ്. പിഎഫ്‌ഐ ഹവാല കേസില്‍ അറസ്റ്റിലായതും പൊതുമധ്യത്തില്‍ സജീവമല്ലാത്ത രണ്ടാം നിരക്കാരാണ്.

അതേസമയം പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്താണ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയത്. ആഗോള ഭീകര പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പിഎഫ്‌ഐ മലയാളി നേതാക്കളെ കേന്ദ്രീകരിച്ചും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.