രാസവസ്തുക്കള്‍ അടങ്ങിയ ടാര്‍ ബോളുകള്‍ പൂര്‍ണമായും നീക്കി; സിഡ്‌നി ബീച്ചുകളില്‍ സന്ദര്‍ശക വിലക്ക് നീക്കി

രാസവസ്തുക്കള്‍ അടങ്ങിയ ടാര്‍ ബോളുകള്‍ പൂര്‍ണമായും നീക്കി; സിഡ്‌നി ബീച്ചുകളില്‍ സന്ദര്‍ശക വിലക്ക് നീക്കി

സിഡ്‌നി: സിഡ്‌നിയിലെ കടല്‍ത്തീരങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് കറുത്ത ടാര്‍ ബോളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഭാഗികമായി നീങ്ങിയതിനെതുടര്‍ന്ന് അടച്ചിട്ട ബീച്ചുകള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. പലതരം മാലിന്യങ്ങള്‍ കൂടിച്ചേര്‍ന്ന ടാര്‍ ബോളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ച ആദ്യം കൂഗീ ബീച്ചിലാണ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗോള്‍ഫ് ബോളിന്റെ വലിപ്പമുള്ള ആയിരക്കണക്കിന് ടാര്‍ ബോളുകള്‍ കടലില്‍ നിന്ന് കരയിലേക്ക് അടിഞ്ഞതിനെത്തുടര്‍ന്ന് ബോണ്ടി ബീച്ച് അടക്കം എട്ട് ബീച്ചുകള്‍ അടച്ചു.

സഞ്ചാരികളെ പൂര്‍ണമായും വിലക്കിയതിനു ശേഷം ഇവിടങ്ങളില്‍ മുന്‍കരുതലോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് എല്ലാ ബീച്ചുകളും തുറന്നുകൊടുത്തത്. ഈ ഇരുണ്ട ഗോളങ്ങള്‍ ടാര്‍ ബോളുകളാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചെങ്കിലും അവ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതെന്ത് പ്രതിഭാസമെന്നറിയാതെ തീരദേശവാസികളും ആശങ്കയിലായിരുന്നു.

പരിസ്ഥിതി സുരക്ഷാ സമിതിയുടെ കണ്ടെത്തല്‍ പ്രകാരം ഈ കറുത്ത ബോളുകള്‍ വലിയ അപകടകാരിയല്ല. എന്നാല്‍ ഇവ കൈ കൊണ്ട് സ്പര്‍ശിക്കരുതെന്നാണ് മാരിടൈം അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫാറ്റി ആസിഡുകള്‍, സൗന്ദര്യ വസ്തുക്കളിലുപയോഗിക്കുന്ന കെമിക്കലുകള്‍, ശുചീകരണ വസ്തുക്കളിലെ രാസവസ്തുക്കള്‍ എന്നിവയുടെ സംയുക്തമാണ് ഇവ. കടലില്‍ അടിഞ്ഞുകൂടുന്ന ഇത്തരം മാലിന്യങ്ങള്‍ ഇന്ധനവുമായി കൂടിക്കുഴഞ്ഞാണ് കറുത്ത ബോള്‍ രൂപത്തിലാകുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് മാരിടൈം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്ക് ഹച്ചിംഗ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

കടല്‍ത്തീരത്ത് പോകുന്നവര്‍ ടാര്‍ ബോളുകള്‍ കണ്ടാല്‍ ലൈഫ് ഗാര്‍ഡുകളെ അറിയിക്കണമെന്നും അവ സ്പര്‍ശിക്കാനിടയായാല്‍ സോപ്പും വെള്ളവും ബേബി ഓയിലും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എവിടെ നിന്നാണ് ഈ ടാര്‍ ബോളുകള്‍ ഒഴുകിയെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. അതിനായി പരിശോധനയും ഗവേഷണവും തുടരാനാണ് അധികൃതരുടെ തീരുമാനം.

സിഡ്‌നിയിലെ ബീച്ചുകള്‍ പൊതുവെ വളരെ ജനപ്രീതിയുള്ളവയാണ്. സ്വര്‍ണ നിറമുള്ള മണലുകളും ശുദ്ധമായ വെള്ളവും നിരവധി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാറുണ്ട്. അവിടെയാണ് ആയിരക്കണക്കിന് കറുത്ത ബോളുകള്‍ ഒഴുകിയെത്തി പരിഭ്രാന്തിയുണ്ടാക്കിയത്.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ന്യൂ സൗത്ത് വെയില്‍സ് പരിസ്ഥിതി മന്ത്രി പെന്നി ഷാര്‍പും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.