ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ പിതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി.
സുനില്‍ മാത്യു, എല്‍സി പി.വി എന്നിവരാണ് ഇതിന് പിന്നില്‍. മാര്‍ തോമസ് തറയിലിന്റെ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കുള്ള സ്ഥാനാരോഹണം അടുത്തിരിക്കുന്ന വേളയില്‍ തുടര്‍ച്ചയായ വീഡിയോകളിലൂടെ സുനില്‍ മാത്യു പിതാവിനെതിരെ വ്യക്തിഹത്യ നടത്തുന്നത് ദുരുദ്ദേശപരമാണ്.
സാമൂഹിക സൗഹാര്‍ദം ലക്ഷ്യം വച്ച് മാര്‍ തോമസ് തറയില്‍ ബിലിവേഴ്‌സ് ചര്‍ച്ചില്‍ അടുത്തയിടെ നടത്തിയ സന്ദര്‍ശനത്തെ ദുര്‍വ്യാഖ്യാനിക്കുകയും വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നിരുത്തരവാദപരമായ നടപടികളാണ് സുനിലിന്റെയും സഭയിലെ തന്നെ ചില വിമതരുടെയും ഭാഗത്തു നിന്നുണ്ടായത്.
ഇതിനു പുറമെയാണ് എല്‍സി പി.വി എന്ന സ്ത്രീയെ അവതരിപ്പിച്ച് സുനില്‍ മാത്യൂ പിതാവിനെതിരെ വ്യാജ സാമ്പത്തികാരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലൂര്‍ദ്മാതാ കെയര്‍, മദര്‍ തെരേസാ ഹോം എന്നീ സ്ഥാപനങ്ങള്‍ക്ക് ഡോ. ശാന്ത മാധവന്‍ നല്‍കിയ സംഭാവനകളെപ്പറ്റിയും അനുബന്ധമായി അവരുടെ ആശ്രിതയായിരുന്ന എല്‍സി പി.വിയുടെ സംരക്ഷണം ഏറ്റെടുത്തതിനെപ്പറ്റിയും ലൂര്‍ദ്മാതാ ചാരിറ്റബിള്‍ കെയര്‍ ട്രസ്റ്റ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഡോ. ശാന്താ മാധവനില്‍ നിന്നോ എല്‍സി പി.വിയില്‍ നിന്നോ മാര്‍ തോമസ് തറയില്‍ പിതാവ് യാതൊരു സംഭാവനയും കൈപ്പറ്റിയിട്ടില്ല. ഈ ട്രസ്റ്റ് 2008 മുതല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്നു. മാര്‍ തോമസ് തറയില്‍ 2017 ല്‍ മാത്രമാണ് സഹായ മെത്രാനായി നിയമിതനായത്. തറയില്‍ പിതാവ് ഈ സംരംഭത്തിന്റെ ട്രസ്റ്റിയോ മെമ്പറോ അല്ലാതിരിക്കെ അദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിയമ വിരുദ്ധവും കുറ്റകരവുമാണ്.
നിജസ്ഥിതി അന്വേഷിക്കാതെ മത സാമുദായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആശ്യാസമായ പ്രവണതയല്ല. സുനില്‍ മാത്യൂ എന്നയാളുടെ നികൃഷ്ടമായ മാധ്യമ പ്രവര്‍ത്തിനെതിരെ ചങ്ങനാശേരി അതിരൂപത ശക്തമായ അമര്‍ഷം രേഖപ്പെടുത്തി.
ഈ ദുഷ്പ്രചാരണങ്ങള്‍ എത്രയും വേഗം പിന്‍വലിച്ച് ക്ഷമാപണം നടത്താത്ത പക്ഷം നിയമ നടപടികളിലേക്ക് നീങ്ങാനാണ് അതിരൂപതയുടെ തീരുമാനമെന്ന് പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2024 ഒക്ടോബര്‍ 19, 20 തിയതികളില്‍ ചാനല്‍ i2i പ്രസിദ്ധീകരിച്ച വാര്‍ത്തയെ സംബന്ധിച്ചുള്ള ലൂര്‍ദ്മാതാ കെയറിന്റെ വിശദീകരണക്കുറിപ്പ്:
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനു സമീപം പി.ടി. ചാക്കോ നഗറില്‍ ചങ്ങനാശേരി അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ്മാതാ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 2008 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് (രജി. നം.1V/128/2008). ഈ ട്രസ്റ്റിനു കീഴില്‍ ഇന്ന് പ്രധാനമായും രണ്ട് കാരുണ്യ സ്ഥാപനങ്ങളാണ് ഉള്ളത്. പി.ടി. ചാക്കോ നഗറിലുള്ള ലൂര്‍ദ് മാതാ ക്യാന്‍സര്‍ കെയര്‍ ഹോം 2016 മുതലും രണ്ടാമത്തേത് 2019 ല്‍ ആരംഭിച്ച നെടുമങ്ങാട് മദര്‍ തെരേസാ ഓള്‍ഡേജ് ഹോമും ആണ്.
തിരുവനന്തപുരത്ത് ആര്‍സിസിയിലും ഇതര ആശുപത്രികളിലുമായി ചികിത്സയ്‌ക്കെത്തുന്ന തീര്‍ത്തും പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരുമായി ഒരു വയസു മുതല്‍ വൃദ്ധരായവര്‍ വരെ 120 ല്‍ പരം വിവിധ മതസ്ഥരാണ് ലൂര്‍ദ്മാതാ കെയറില്‍ താമസിച്ച് ചികിത്സ നേടി വരുന്നത്. ഇവര്‍ക്ക് ഇക്കാലയളവിലുള്ള ഭക്ഷണം, താമസം, ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഗതാഗത സൗകര്യമുള്‍പ്പെടെ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നത്.
രണ്ടു ഭവനങ്ങളിലും രോഗികളും ശുശ്രൂഷകരും സ്റ്റാഫ് അംഗങ്ങളും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. രോഗികളേറെയും കിടപ്പാടം പോലും വിറ്റും കടം വാങ്ങിയും ചികിത്സയ്‌ക്കെത്തുവരാണ്. പണമില്ലാത്തതിനാല്‍ ഇപ്രകാരമുള്ള രോഗികള്‍ക്ക് ചികിത്സയ്ക്കു വേണ്ടുന്നത്ര പണം സന്നദ്ധരായ ഉദാരമതികള്‍ വഴി രോഗികള്‍ക്ക് നേരിട്ടു ലഭിക്കുന്ന വിധത്തില്‍ അവരെ സഹായിക്കാനാണ് ഇന്നുവരെയും ഈ സ്ഥാപനം ശ്രദ്ധിച്ചിട്ടുള്ളത്. ഇതിനോടകം ഇവിടെ താമസിച്ച് ചികിത്സ നേടി മടങ്ങിയ നൂറുകണക്കിനാളുകള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അനുഭവ സാക്ഷ്യങ്ങള്‍ പറയാനുണ്ടാകും.
ചികിത്സാ സഹായങ്ങള്‍ നല്‍കുന്നത് കൂടാതെ ക്യാന്‍സര്‍ കെയര്‍ ഹോമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം പ്രതിമാസം ഏറ്റവും ചുരുങ്ങിയത് ആറ് ലക്ഷം രൂപയോളം ചെലവു വരുന്നുണ്ട്.
നെടുമങ്ങാടിന് സമീപം കൊല്ലങ്കാവില്‍ സ്ഥിതി ചെയ്യുന്ന മദര്‍ തെരേസാ ഓള്‍ഡേജ് ഹോമാണ് ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ സ്ഥാപനം. തെരുവില്‍ അലയുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ഭവനങ്ങളില്‍ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ തുടങ്ങിയ ഗണത്തില്‍ വരുന്ന പ്രായമായ 24 സ്ത്രീകളാണ് ഇവിടുത്തെ അന്തേവാസികള്‍. ഇവരില്‍ കിടപ്പു രോഗികളുമുണ്ട്. ഇവിടുത്തെ അമ്മമാരുടെ ചികിത്സയ്ക്കും ദൈനംദിന ചിലവുകള്‍ക്കുമായി പ്രതിമാസം രണ്ട് ലക്ഷം രൂപയോളം വേണം.
ഈ രണ്ടു സ്ഥാപനത്തെയും മാര്‍ തോമസ് തറയില്‍ പിതാവിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള 19.25 മിനിട്ട് ദൈര്‍ഘ്യമുള്ള വസ്തുതാവിരുദ്ധമായ വീഡിയോ നിര്‍ഭാഗ്യകരമെന്നേ പറയാനുള്ളൂ.
വീഡിയോയുടെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച്:
ഡോ. ശാന്താ മാധവന്‍ എന്ന വലിയ മനുഷ്യ സ്‌നേഹിയായ ഡോക്ടര്‍ 2014 ല്‍ പി.ടി ചാക്കോ നഗറില്‍ പണിയാരംഭിച്ച ക്യാന്‍സര്‍ കെയര്‍ ഹോമിന്റെയും 2018 ല്‍ പണിയാരംഭിച്ച മദര്‍ തെരേസാ ഓള്‍ഡേജ് ഹോമിന്റെയും നിര്‍മ്മാണത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ഡോ. ശാന്താ മാധവനില്‍ നിന്നും 2014 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സമയങ്ങളിലായി ബാങ്ക് മുഖേന ഒരു കോടി അറുപത്തിയേഴ് ലക്ഷം രൂപയോളം ട്രസ്റ്റ് സ്വീകരിച്ചിട്ടുണ്ട്.
പല സമയങ്ങളിലായി നല്‍കിയ മുഴുവന്‍ സംഭാവനകളുടെയും രേഖകള്‍ ലൂര്‍ദ്മാതാ കെയര്‍ സൂക്ഷിക്കുന്നുണ്ട്. യാതൊരു വ്യവസ്ഥകളും ഈ സംഭാവന നല്‍കുമ്പോള്‍ ഡോക്ടര്‍ രേഖാമൂലം നല്‍കുകയോ ട്രസ്റ്റിനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
2. 2018ല്‍ ഡോ. ശാന്താ മാധവന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഡോക്ടറിന്റെ ശുശ്രൂഷക മാത്രമായിരുന്ന അവിവാഹിതയായ എല്‍സി പി.വി എന്ന പരാതിക്കാരി അന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രംഗത്തു വരാന്‍ തുടങ്ങി. എല്‍സിയില്‍ നിന്നും 2015 മുതല്‍ 2019 വരെ പണമായോ ചെക്കായോ ലൂര്‍ദ്മാതാ കെയര്‍ സ്വീകരിച്ചിരിക്കുന്നത് 10,97,000 രൂപ മാത്രമാണ്. സംഭാവനകള്‍ ചെക്കായും പണമായും സ്വീകരിച്ചതിന് കൃത്യമായ രേഖകളുണ്ട്.
ഈ സംഭാവനകള്‍ പരാതിക്കാരി വ്യവസ്ഥകളില്ലാതെ നല്‍കിയിട്ടുള്ളതാണ്. പ്രസ്തുത കാലയളവില്‍ രണ്ടു സ്ഥാപനങ്ങളുടെയും നിര്‍മ്മാണത്തിനും വളര്‍ച്ചയ്ക്കും അഹോരാത്രം കഷ്ടപ്പെട്ട വൈദികനാണ് പരാതിക്കാരി അപകീര്‍ത്തിപ്പെടുത്തുന്ന മാളിയേക്കല്‍ റോണിയച്ചന്‍. അദേഹത്തിനെതിരായ ആരോപണങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമാണ്.
3. കോവിഡ് സമയത്ത് റോണിയച്ചന്‍ സ്ഥലം മാറിപ്പോവുകയും പിന്നീട് ചുമതലയേറ്റ ഡയറക്ടര്‍ മുതല്‍ പിതാക്കന്മാര്‍, റോണിയച്ചന്‍, വൈദികര്‍, സന്യസ്തര്‍ ബോര്‍ഡംഗങ്ങള്‍,കാരുണ്യ ശുശ്രൂഷകളില്‍ നിസ്വാര്‍ഥമതികളായി പ്രവര്‍ത്തിക്കുന്നവര്‍, എന്തിനേറെ പാവപ്പെട്ട രോഗികളെക്കുറിച്ചും അവരുടെ കൂട്ടിരിപ്പുകാരെക്കുറിച്ചു പോലും 2020 ഡിസംബര്‍ ആദ്യവാരം മുതല്‍ നേരിട്ടെത്തിയും ഫോണ്‍ മുഖേനയും സാധ്യമായ എല്ലാ വഴികളുമുപയോഗിച്ച് പരാതിക്കാരി മാനസികമായി പീഡിപ്പിക്കുകയും ആക്ഷേപങ്ങള്‍ നടത്തി വരികയുമാണ്.
4. ലൂര്‍ദ് മാതാ കെയറിന് ഡോ.ശാന്താ മാധവനോടുള്ള വലിയ ബഹുമാനത്തെ പ്രതി പരാതിക്കാരിക്ക് ഓള്‍ഡേജ് ഹോമില്‍ മരണം വരെയും താമസിക്കാന്‍ സൗകര്യമുള്ള ആ സ്ഥാപനത്തിലെ ഏറ്റവും നല്ല ബാത്ത് അറ്റാച്ച്ഡ് മുറിയും നല്‍കിയിട്ടുള്ളതാണ്.
5. എല്‍സി പി.വിയുടെ ആരോഗ്യ സംരക്ഷണത്തിനായി 2022 മുതല്‍അഞ്ച് ലക്ഷം രൂപായുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തു കൊടുത്തിട്ടുള്ളതുമാണ്. ഇതിന്റെ പ്രീമിയം ലൂര്‍ദ്മാതാ കെയര്‍ മുടങ്ങാതെ അടച്ചു വരുന്നു.
6. 2024 സെപ്റ്റംബര്‍ രണ്ടിന് എല്‍സി പി.വി ഒരു വീഴ്ചയെ തുടര്‍ന്ന് പാളയത്തുള്ള ജൂബിലി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയും തുടര്‍ന്ന് കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിട്ടുള്ളതാണ്. ഈ സമയത്തും എല്‍സിയെ ആശുപത്രിയില്‍ പോയി ട്രസ്റ്റിന്റെ ചെയര്‍മാനും ഡയറക്ടറുമുള്‍പ്പെടെ രണ്ടു ഭവനങ്ങളിലുമുള്ള വൈദികരും സിസ്റ്റേഴ്‌സും സന്ദര്‍ശിക്കുകയും ആരോഗ്യ വിവരങ്ങള്‍ തിരക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 2024 സെപ്റ്റംബര്‍ ഒമ്പതിന് മേല്‍പ്പറഞ്ഞ ഇന്‍ഷുറന്‍സ് വഴി ചികിത്സാ ചെലവ് ലഭിച്ചിട്ടുണ്ട്. മദര്‍ തെരേസാ ഹോമിലേയ്ക്ക് കൊണ്ടുപോയി ശുശ്രൂഷിക്കാന്‍ സിസ്റ്റേഴ്സ് സന്നദ്ധത പ്രകടിപ്പിച്ച് ജൂബിലി ആശുപത്രിയില്‍ ചെന്നെങ്കിലും സ്റ്റിച്ച് എടുക്കുന്നതു വരെ ഡോക്ടര്‍ ശാന്താ മാധവന്‍ വാങ്ങിക്കൊടുത്ത കാര്യവട്ടത്തുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റില്‍ താമസിക്കാനാണ് പരാതിക്കാരി ഇഷ്ടപ്പെട്ടത്.
സ്റ്റിച്ച് എടുത്തു കഴിഞ്ഞ് ഓള്‍ഡേജ് ഹോമിലേയ്ക്ക് പൊയ്‌ക്കൊള്ളാം എന്നു സമ്മതിച്ചെങ്കിലും പിന്നീട് പോയില്ല. അവിടെയുള്ള മുറിയും അനുബന്ധ സൗകര്യങ്ങളും എല്‍സി പി.വി തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മുറിയുടെ താക്കോലും പരാതിക്കാരിയുടെ കൈയില്‍ തന്നെയാണ്. മരണം വരെയും ഈ മുറിയും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എല്‍സിക്ക് പൂര്‍ണ സ്വാതന്ത്ര്യമുള്ളതാണ്.
7. ഡോക്ടര്‍ ശാന്താ മാധവന്റെയും ഭര്‍ത്താവ് ഡോക്ടര്‍ എ. മാധവന്റെയും ചരമവാര്‍ഷികം സമുചിതമായി ആചരിക്കുകയും സെപ്റ്റംബര്‍ 23 ന് എല്‍സി പി.വിയുടെ ജന്മദിനവും ആഘോഷപൂര്‍വ്വം കൊണ്ടാടുകയും മേല്‍പറഞ്ഞ സെപ്റ്റംബര്‍ 23, ഒക്ടോബര്‍ 11 തിയതികളില്‍ എല്‍സി പി.വി ലൂര്‍ദ്മാതാ കെയറിലെത്തി രോഗികള്‍ക്കു നല്‍കിയ സദ്യയില്‍ പങ്കുചേരുകയും ചെയതാണ്.
കൂടാതെ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഫിസിയോതെറാപ്പി നടന്ന രണ്ടാഴ്ച്ചക്കാലവും കാര്യവട്ടത്തുള്ള ഫ്‌ളാറ്റിലെത്തി ഉച്ചഭക്ഷണം നല്‍കിയ ശേഷം എല്‍സി പി.വിയെ ഫ്‌ളാറ്റില്‍ നിന്ന് ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയതും തിരികെ കൊണ്ടാക്കിയതും ലൂര്‍ദ്മാതാ കെയറാണ്. പരാതിക്കാരിയുടെ ന്യായമായ ഒരാവശ്യവും ലൂര്‍ദ്മാതാ കെയര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.
8. 2019 ല്‍ ആരംഭിച്ച ഓള്‍ഡേജ് ഹോമില്‍ ആദ്യ മരണം നടന്നത് 2022 മാര്‍ച്ച് 24 നും അവസാന മരണം നടന്നത് 2024 ഒക്ടോബര്‍ 19 നും ആണ്. കിടപ്പുരോഗികളുള്‍പ്പെടെയുള്ള ഈ സ്ഥാപനത്തില്‍ നടന്നിട്ടുള്ള എല്ലാ മരണങ്ങളും വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലമുള്ള സ്വാഭാവിക മരണങ്ങളാണ്. ഇക്കാര്യത്തെക്കുറിച്ച് സ്ഥലം പോലീസ്, ആശുപത്രി അധികൃതര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് കൃത്യമായ അറിവുകളുണ്ട്. ഒപ്പം ഇതേ സംബന്ധിച്ച മതിയായ രേഖകള്‍ ഓള്‍ഡേജ് ഹോമില്‍ സൂക്ഷിച്ചിട്ടുമുണ്ട്.
ദൈവപരിപാലനയാലും പിതാക്കന്മാരുടെ കരുണാര്‍ദ്രമായ അനുഗ്രഹാശിസുകളോടെയും ഉദാരമനസ്‌കരായ സാധാരണ മനുഷ്യരുടെയും സഹായം കൊണ്ട് നടത്തപ്പെടുന്ന കാരുണ്യ ഭവനങ്ങളാണ് നമ്മുടെ ലൂര്‍ദ്മാതാ കെയറും ഓള്‍ഡേജ് ഹോമും. ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യ മുഖമായി ഒരു കലര്‍പ്പുമില്ലാതെ നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന ലൂര്‍ദ്മാതാ കെയറിന്റെ രാപകലില്ലാതെയുള്ള ശുശ്രൂഷകള്‍ക്ക് എല്ലാവരുടെയും തുടര്‍ന്നുള്ള പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
9. തോമസ് തറയില്‍ പിതാവ് ഈ ട്രസ്റ്റിന്റെ ബോര്‍ഡ് മെമ്പര്‍ അല്ലാത്തതിനാല്‍ ട്രസ്റ്റിന്റെ ദൈനംദിന കാര്യങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ ഒരിക്കല്‍ പോലും പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ടിട്ടില്ല. ഇക്കാരണത്താല്‍ തന്നെ പരാതിക്കാരി പിതാവിനെതിരെ ഉന്നയിച്ചിരിക്കുന്ന സാമ്പത്തിക ഇടപാടുമായി അദേഹത്തിന് യാതൊരു ബന്ധവും ഇല്ലാത്തതാണ്.
10. ഓള്‍ഡ് ഏജ് ഹോമിലെ താമസത്തിനിടയില്‍ പരാതിക്കാരിക്ക് സിസ്റ്റേഴ്സ് വിഷം കലര്‍ന്ന ഭക്ഷണം നല്‍കി എന്നു പറയുന്നതും റൂം കുത്തിത്തുറന്ന് മോഷണം നടത്തി എന്നു പറയുന്നതും ശുദ്ധ അംസംബന്ധമാണ്.
എല്‍സി പി.വി കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉന്നയിക്കുന്ന നീതിക്കു നിരക്കാത്തതായ മുഴുവന്‍ ആരോപണങ്ങളേയും ലൂര്‍ദ്മാതാ കെയര്‍ ട്രസ്റ്റ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ജാതി-മത വ്യത്യാസമില്ലാതെ പൊതുസമൂഹം വലിയ പ്രതീക്ഷയോടെ കാണുന്ന ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയെ സമൂഹമ ധ്യത്തില്‍ അപകീര്‍ത്തിപ്പെടുന്നതിനും തലസ്ഥാന നഗരിയിലെ ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യ മുഖമായി പ്രശോഭിച്ചു നില്‍ക്കുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കാനും ഉള്ള ഗൂഢതന്ത്രങ്ങള്‍ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
പരാതിക്കാരിയുടെ ഇത്തരത്തിലുള്ള അപരിഷ്‌കൃതമായ ചെയ്തികള്‍ മനസിലാക്കി പൂര്‍ണ ജാഗ്രതയോടെ ഈ വിഷയത്തെ നല്‍കുന്നതായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.