എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവിന്റെ ഭീഷണി

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവിന്റെ ഭീഷണി

ന്യൂഡല്‍ഹി: പുതിയ ഭീഷണയുമായി ഖാലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത്വന്ദ് സിങ് പന്നുന്‍. നവംബര്‍ ഒന്ന് മുതല്‍ 19 വരെ ആരും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യരുതെന്ന ഭീഷണി സന്ദേശമാണ് പന്നുന്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയം പന്നുന്‍ സമാന ഭീഷണി മുഴക്കിയിരുന്നു.

സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികമായതിനാല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനായ പന്നുന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കാനഡയിലെ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവനായ ഗുര്‍പത്വന്ദ് സിങ് പന്നുനിനെതിരെ 2019 ലാണ് എന്‍ഐഎ ആദ്യം കേസെടുത്തത്. 2019 ജൂലൈ പത്തിന് സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 2020 ജൂലൈ ഒന്നിന് പന്നുവിനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.

പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഇയാള്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാന്‍ സൈബര്‍ ഇടം ദുരുപയോഗിക്കുന്നതായും കണ്ടെത്തി.

ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര നാടിനായി പോരാടാന്‍ പഞ്ചാബിലെ ക്രിമിനല്‍ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇയാള്‍ ആഹ്വാനം ചെയ്യുന്നു. കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഇയാള്‍ ഇന്ത്യ - കാനഡ പ്രതിസന്ധിക്കിടെ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ തുടര്‍ച്ചയായി ഉയരുകയാണ്. ഇന്നലെ മാത്രം കേരളത്തില്‍ നിന്നടക്കമുള്ള ഇരുപതോളം വിമാനങ്ങള്‍ക്ക് ബോംബു ഭീഷണിയുണ്ടായി. പരിശോധനയില്‍ അവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.