മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം  സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സുപ്രീം കോടതി തടഞ്ഞു.

ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടന ആണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് കമ്മീഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്‌സിങ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് നിര്‍ദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.