കോണ്‍വന്റിന് സമീപം പാറമടയില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കോണ്‍വന്റിന് സമീപം പാറമടയില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: മഠത്തിന് സമീപമുള്ള പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോണ്‍വെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടില്‍ തോമസിന്റെ മകള്‍ ജെസീനയെയാണ് (44) മരിച്ചനിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത തൃക്കാക്കര പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയപ്പോള്‍ സിസ്റ്റര്‍ ജെസീനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ വൈകീട്ടോടെ സിസ്റ്ററെ മഠത്തിന്റെ തൊട്ടുപിറകിലുള്ള മൂലേപ്പാടം കരിങ്കല്‍ ക്വാറിയില്‍ കാണപ്പെടുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പായല്‍ നിറഞ്ഞ പാറമടയില്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു.

അതേസമയം ജെസീന മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് 2011 മുതല്‍ ചികിത്സയിലായിരുന്നെന്ന് കന്യാസ്ത്രീമഠം അധികൃതര്‍ പറഞ്ഞു. ഡിഎസ്ടി കോണ്‍വെന്റിലെ ഉജ്ജയിന്‍ മിഷനില്‍ വര്‍ക്ക് ചെയ്തിരുന്ന സിസ്റ്റര്‍ അവിടെ കൂടെ ജോലി ചെയ്തിരുന്ന സിസ്റ്റര്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.

എന്നാല്‍ മാനസികപ്രശ്‌നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ വ്യക്തമാക്കി. ഈ വ്യാഴാഴ്ച സിസ്റ്റര്‍ വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മഠത്തിന്റെ വളപ്പില്‍നിന്ന് പാറമടയിലേക്കിറങ്ങാന്‍ പടികള്‍ ഉണ്ട്. വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാര്‍. മാതാവ്: മോനിക്ക. സഹോദരന്‍: ജിബിച്ചന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.