തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി ഉണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മേയര്‍ക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് പൊലീസ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദേശ പ്രകാരമാണ് യദുവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 30 ന് കോടതി വിധി പറയും.
സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് യദു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് മുന്‍പ് തന്നെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. യദുവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേയുള്ള രണ്ട് കുറ്റങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.
സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുവെന്നായിരുന്നു യദുവിന്റെ പരാതി. എംഎല്‍എ ബസില്‍ അതിക്രമിച്ചുകയറിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യദു ഓടിച്ചിരുന്ന ബസിന്റെ ഡോര്‍ ഹൈഡ്രോളിക് സംവിധാനമുള്ളതാണ്. അത് തുറക്കണമെങ്കില്‍ ഡ്രൈവര്‍ വിചാരിക്കണം. ഈ ഡോര്‍ തുറന്നുകൊടുത്തതിന് ശേഷമാണ് സച്ചിന്‍ ദേവ് എംഎല്‍എ വാഹനത്തിനുള്ളില്‍ കയറിയത്. അത് അതിക്രമിച്ചുകടന്നുവെന്ന കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മേയര്‍ ആര്യ രാജേന്ദ്രനും സംഘവും തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു യദുവിന്റെ മറ്റൊരു പരാതി. എന്നാല്‍ മേയറും സംഘവും യദുവിനെ അസഭ്യം പറഞ്ഞതായി അവിടെ ഉണ്ടായിരുന്ന ദൃക്സാക്ഷികളും ബസിലെ യാത്രക്കാരും മൊഴി നല്‍കിയിട്ടില്ല എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. യദു പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കണമെങ്കില്‍ ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ കാര്‍ഡ് കാണാനില്ല. ഇതില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.
നിലവില്‍ മേയറേയോ എംഎല്‍എയെയോ അറസ്റ്റ് ചെയ്യാനുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡ്രൈവര്‍ യദു റൂട്ട് മാറ്റിയാണ് ബസ് ഓടിച്ചതെന്നത് അടക്കമുള്ള കാര്യങ്ങളും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.