കല്ലടിക്കോട് അപകടം: കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു

കല്ലടിക്കോട് അപകടം: കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീര്‍ പ്രതികരിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും സിഐ വ്യക്തമാക്കി.
കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. ഇതിനായി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരികയാണ്.

അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്. കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ അയ്യപ്പന്‍കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് ലോറിയിലിടിച്ചത്. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. നാലുപേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് മരണപ്പെട്ടത്.

കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിക്കും പരിക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.