എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ 29 ലേക്ക് മാറ്റി; നടന്നത് ആസൂത്രിത കുറ്റകൃത്യമെന്ന് നവീന്റെ കുടുംബം

എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷ  വിധി പറയാന്‍ 29 ലേക്ക് മാറ്റി;  നടന്നത് ആസൂത്രിത കുറ്റകൃത്യമെന്ന് നവീന്റെ കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഒക്ടോബര്‍ 29 ലേക്ക് മാറ്റി.

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ട് ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. പെട്രോള്‍ പമ്പിനു പിന്നില്‍ ബിനാമി ബന്ധമുണ്ട്. അയാളെ കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെട്ടു.

വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ.

പരാതി ഉണ്ടെങ്കില്‍ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. ദിവ്യ എന്തിനാണ് എഡിഎമ്മിനെ വിളിച്ചത്? പമ്പിന്റെ നിര്‍ദിഷ്ട സ്ഥലം പോയി പരിശോധിക്കാന്‍ എഡിഎമ്മിനോട് പറയാന്‍ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകന്‍ ചോദിച്ചു.

പെട്രോള്‍ പമ്പിന് പിന്നില്‍ ബിനാമി ബന്ധമുണ്ട്. ആരാണ് ആ ബിനാമി എന്ന് കണ്ടെത്തണം. ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എഡിഎമ്മിന്റെ മുഖം മാറിയിരുന്നു. പത്തനംതിട്ടയിലേക്ക് പോകുമ്പോള്‍ ഇങ്ങനെ ആകരുതെന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം?

താന്‍ വിളിച്ചുപറഞ്ഞിട്ടും എഡിഎം സ്ഥലം പരിശോധിക്കാത്തതിന്റെ പക ദിവ്യയ്ക്ക് ഉണ്ടായിയുന്നു. അതുകൊണ്ട് ആസൂത്രിതമായി നടപ്പാക്കിയ അപമാനിക്കലായിരുന്നു ചടങ്ങില്‍ നടന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

പ്രാദേശിക ചാനലുകളെ വിളിച്ചുവരുത്തിയത് ആസൂത്രിതമായിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയും നടന്നു. ആസൂത്രിതമായ കുറ്റകൃത്യമാണു നടന്നത്. യാദൃച്ഛികമായി വന്നുപോയ വാക്കല്ല.

നവീന്റെ മകള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാല്‍ ഒരു പരിഗണയും ദിവ്യ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അഴിമതിക്കെതിരായ സന്ദേശമായിരുന്നു ദിവ്യയുടെ പ്രസംഗമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ വാദിച്ചു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനാണെന്നും ക്ഷണം അനൗപചാരികമായായിരുന്നുവെന്നും വാദത്തില്‍ അവകാശപ്പെട്ടു.

പ്രസംഗത്തിന് ശേഷം നവീന്‍ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കില്‍ പരാതി നല്‍കാമായിരുന്നു. ഇതൊന്നും ചെയ്തില്ലെന്നും സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കിയതെന്നും ദിവ്യ തലശേരി കോടതിയില്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ഇതിനാല്‍ ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതില്‍ ആവശ്യപ്പെട്ടു. വ്യക്തിഹത്യയാണ് മരണകാരണം. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണിസ്വരം ഉണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകനെ വിളിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത് ആസൂത്രിതമായായിരുന്നു. ആ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിക്കുകയും ചെയ്തു. ദിവ്യ ക്ഷണിച്ചുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ സൂചിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.