ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഉറപ്പ് നല്‍കി.
ഒമര്‍ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയത്. പുതിയ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനുള്ള സാഹചര്യങ്ങളൊരുങ്ങുന്നത്.
കാശ്മീരില്‍ പുതുതായി അധികാരത്തിലെത്തിയ ഒമര്‍ അബ്ദുള്ള മന്ത്രിസഭ ആദ്യ യോഗത്തില്‍ തന്നെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. മുറിവുണാക്കാനുള്ള പ്രക്രിയയുടെ തുടക്കം എന്നാണ് സംസ്ഥാന പദവിയെ പ്രമേയത്തില്‍ വിശേഷപ്പിച്ചിട്ടുള്ളത്.
ഇതുവഴി സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ തിരിച്ച് കിട്ടുമെന്നും കാശ്മീര്‍ ജനതയുടെ അസ്തിത്വം സംരക്ഷിക്കപ്പെടുമെന്നും പ്രമേയത്തില്‍ അവകാശപ്പെട്ടിരുന്നു. നിലവില്‍ ഡല്‍ഹിയിലേതിന് സമാനമായി സുപ്രധാന വിഷയങ്ങളില്‍ ലെഫ്. ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്ന രീതിയാണ് കശ്മീരിലുള്ളത്.
ഇന്ന് വൈകുന്നേരം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സന്ദര്‍ശിക്കുന്നുണ്ട്. സംസ്ഥാന പദവി പുനസ്ഥാപിക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം ഇതിന് ശേഷമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാശ്മീരിന്റെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രവുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ക്കും താന്‍ തയ്യാറല്ലെന്നും ഫെഡറലിസത്തിന്റെ ആത്മാവ് ഉള്‍കൊള്ളുന്ന ബന്ധം കേന്ദ്ര സര്‍ക്കാരുമായി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.