പി.പി ദിവ്യക്ക് തിരിച്ചടി: എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; കൈക്കൂലി വാങ്ങിയതിന് തെളിവില്ല; നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ്

പി.പി ദിവ്യക്ക് തിരിച്ചടി: എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; കൈക്കൂലി വാങ്ങിയതിന് തെളിവില്ല; നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി ദിവ്യക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത റിപ്പോര്‍ട്ട് കൈമാറിയത്.

പി.പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും യാത്രയയപ്പ് ചടങ്ങിലെ അധിക്ഷേപ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ല എന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിരുന്നു.

പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നവീന്‍ ബാബു എന്‍ഒസി വൈകിപ്പിച്ചില്ലെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു.

പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.പി ദിവ്യ ആരോപിച്ചതുപോലെ എഡിഎം കൈക്കൂലി വാങ്ങിയതായി യാതൊരു തെളിവുമില്ല. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റവന്യൂ വകുപ്പ് ഓഫീസ് അറിയിച്ചിട്ടുള്ളത്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അടക്കം 17 പേരില്‍ നിന്നാണ് മൊഴി എടുത്തത്. കൈക്കൂലി വാങ്ങി എന്നതിന് ആരും ഒരു തെളിവും നല്‍കിയില്ല. കൈക്കൂലി വാങ്ങി എന്നതിന് മൊഴിയും ഇല്ല. പമ്പിന് എന്‍ഒസി നല്‍കിയതില്‍ എഡിഎം പ്രവര്‍ത്തിച്ചത് നിയമപരമായി മാത്രമാണന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.