ദുബായ് വിളിക്കുന്നു; വ്യോമയാന മേഖലയില്‍ 1.85 ലക്ഷം അവസരങ്ങള്‍

ദുബായ് വിളിക്കുന്നു; വ്യോമയാന മേഖലയില്‍ 1.85 ലക്ഷം അവസരങ്ങള്‍

ദുബായ്: ദുബായിലെ വ്യോമയാന മേഖലയില്‍ ആറ് വര്‍ഷത്തിനകം 1,85,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയര്‍പോര്‍ട്ട്സും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയില്‍ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും.

നിലവില്‍ ഏകദേശം 6,31,000 പേര്‍ വ്യോമയാന സംബന്ധമായ ജോലികളില്‍ ഉണ്ട്. ഇത് ദുബായിലെ അഞ്ചില്‍ ഒരാള്‍ക്ക് തുല്യമാണ്. ദുബായിയുടെ സമ്പദ്വ്യവസ്ഥയില്‍ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ച് ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ് തയാറാക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിക്കുന്നത്.

ദുബായിലെ 103,000 ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 23 ബില്യണ്‍ ദിര്‍ഹം വേതനം നല്‍കി. തങ്ങളുടെ വളര്‍ച്ചാ പദ്ധതികള്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവും ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ദുബായുടെ വളര്‍ച്ചാ റിപോര്‍ട്ടിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈനുകളായ എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് എന്നിവ കോവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ചേര്‍ത്തതിനാല്‍ അവരുടെ തൊഴില്‍ ശക്തി വന്‍തോതില്‍ വര്‍ധിച്ചു.

ജബല്‍ അലിയിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൂര്‍ണ പ്രവര്‍ത്തന ശേഷിയില്‍ എത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍മാണ പദ്ധതി ദുബായുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ 2030 ല്‍ 6.1 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 128 ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പുതിയ വിമാനത്താവളം ദുബായ് ഇന്റര്‍നാഷണലിന്റെ അഞ്ചിരട്ടി വലുപ്പമുള്ളതായിരിക്കും. ആദ്യ ഘട്ടം 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതോടെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍-അല്‍ മക്തൂം ഇന്റര്‍നാഷണല്‍ 400 ല്‍ ഏറെ എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കും. പ്രതിവര്‍ഷം 260 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനുള്ള ശേഷി ഇതിനുണ്ടായിരിക്കും.

പുതിയ തൊഴിലവസരങ്ങള്‍

എമിറേറ്റ്സ് എയര്‍ലൈന്‍, ദുബായ് എയര്‍പോര്‍ട്ടുകള്‍, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങള്‍ എന്നിവ 2030 നകം ഏകദേശം 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അവര്‍ 1,03,000 പേര്‍ക്ക് ജോലി നല്‍കി. ഇത് 2030 ആകുമ്പോഴേക്കും 127,000 ആയി വര്‍ധിക്കും. 23 ശതമാനത്തിലധികം വര്‍ധന. ദുബായുടെ മുന്‍നിര കാരിയര്‍ 2023 അവസാനത്തോടെ നഗരത്തില്‍ 81,000 നേരിട്ടുള്ള ജീവനക്കാരെ നിയമിച്ചു. ഇത് 2030 നകം 104,000 ആയി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ദുബായ് എയര്‍പോര്‍ട്ടുകളിലും മറ്റ് വ്യോമയാന മേഖലകളിലും 21,000 പേര്‍ ജോലി ചെയ്തിട്ടുണ്ട്.

പരോക്ഷ തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ എമിറേറ്റ്സ് 2023 ല്‍ 1,06,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇത് 2030 നകം 135,000 ആയി വര്‍ധിക്കും. അതുപോലെ ദുബായ് എയര്‍പോര്‍ട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും 2030 നകം 48,000 തൊഴിലവസരങ്ങളുണ്ടാക്കും. കഴിഞ്ഞ വര്‍ഷം ഇത് 33,000 ആയിരുന്നു. എമിറേറ്റ്‌സ് ആകെ 413,000 ജോലികളാണ് സൃഷ്ടിച്ചത്. എമിറേറ്റിലെ ഓരോ എട്ട് ജോലികളിലും ഒന്ന് എന്നതിന് തുല്യമാണിത്.

ദുബായ് എയര്‍പോര്‍ട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും 2023 ല്‍ 67,000 തസ്തികകള്‍ അനുവദിച്ചു. ഇത് നഗരത്തിലെ ഓരോ 48 ജോലികളിലും ഒന്ന് വീതമാണ്. ഈ കണക്ക് 2030 ആകുമ്പോഴേയ്ക്കും 87,000 ആയി ഉയരും. ദുബായ് എയര്‍പോര്‍ട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും പിന്തുണയ്ക്കുന്ന മൊത്തത്തിലുള്ള ജോലികളുടെ എണ്ണം എമിറേറ്റിലുടനീളം 3,96,000 ആണ്. 2030 ല്‍ ഇത് 516,000 ആയി വളരുമെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.