കൂടുതല്‍ സ്വര്‍ണം പിടിച്ച സംഭവങ്ങള്‍ മലപ്പുറം ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കരുത്: മുഖ്യമന്ത്രി

കൂടുതല്‍ സ്വര്‍ണം പിടിച്ച സംഭവങ്ങള്‍ മലപ്പുറം ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കരുത്:  മുഖ്യമന്ത്രി

ചേലക്കര: സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയെ മോശമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ല. ചേലക്കര എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് വിമാനത്താവളം മലപ്പുറം ജില്ലയിലാണുള്ളത്. നിരവധി ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണത്. ഏത് ജില്ലയില്‍ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്ന രീതിയിലാണ് കണക്ക് പുറത്തു വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് വര്‍ഷം കൊണ്ട് 147 കിലോ സ്വര്‍ണം പിടികൂടി. അതില്‍ 124 കിലോ സ്വര്‍ണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. ഇതെന്തോ മലപ്പുറം ജില്ലയ്ക്കെതിരായ നീക്കമാണോ. ആ കണക്ക് സ്വാഭാവികമായി ആ ജില്ലയില്‍ നിന്ന് പിടികൂടിയാല്‍ ആ ജില്ലയില്‍ നിന്ന് പിടികൂടി എന്നാണ് വരുക. അതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത്? ഇത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അതിലെന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലപ്പുറം ജില്ലയില്‍ ഏതെങ്കിലും ഒരു കുറ്റകൃത്യമുണ്ടായാല്‍ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെതന്നെയാണ്. ഏതെങ്കിലുമൊരു സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായിട്ടാണ് കാണേണ്ടത്. അത് സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല.

അത്തരമൊരു നിലപാട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആര്‍.എസ്എസും സംഘപരിവാരും ആഗ്രഹിക്കുന്നത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ്. ഈ പ്രചരണം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിന് സഹായകമല്ലേ? അത്തരത്തിലുള്ള പ്രചരണമാണോ ഇത്തരം കാര്യങ്ങളില്‍ നടത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസിനെയും പിണറായി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ചോരുകയും അത് ബിജെപി വിജയത്തിന് സഹായിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വിട്ടു പോകുന്ന ആളുകള്‍ കൂടുന്നു.

ഞാന്‍ തീരുമാനിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന ഒരു പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. എല്ലാ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫിന്റേതെന്നും പിണറായി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.