തിരുപ്പട്ട സ്വീകരണം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

തിരുപ്പട്ട സ്വീകരണം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാരുടെ തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുര്‍ബാന അര്‍പ്പണവും അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.

ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണ വേദിയില്‍ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററെയും അതിരൂപതാ കൂരിയാംഗങ്ങളെയും ഉപരോധിക്കുമെന്നും തിരുപ്പട്ടദാന ശുശ്രൂഷയുടെ പവിത്രതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അല്‍മായ മുന്നേറ്റം, അതിരൂപതാ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു.

വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ സഭാ നിയമങ്ങള്‍ക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോ മലബാര്‍ സഭ അനുശാസിക്കുന്ന ഏകീകൃത രീതിയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ക്ക് തിരുപ്പട്ടം നല്‍കാന്‍ സഭാധികാരികള്‍ തയ്യാറാണെന്ന് അറിയിച്ചതെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

'തിരുപ്പട്ടത്തിനു തിരുവിലങ്ങ്' എന്ന മുദ്രാവാക്യവുമായി സമര കോലാഹലങ്ങള്‍ സൃഷ്ടിച്ചവര്‍ തന്നെ ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണത്തെ അലങ്കോലമാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു.

ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കാതെ പീഡിപ്പിക്കുന്നു എന്നാക്ഷേപിച്ച് വിശ്വാസികളെ തെരുവിലിറക്കുകയും പ്രതിഷേധ പരമ്പരകള്‍ നടത്തുകയും ചെയ്തവരുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയുമെന്നും അദേഹം വ്യക്തമാക്കി.

അതിരൂപതയുടെ സന്താനങ്ങളായ ഡീക്കന്മാര്‍ നവ വൈദികരായി അഭിഷേകം ചെയ്യപ്പെട്ട് പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നു വരുമ്പോള്‍ അവരോടും അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടുമൊപ്പം സന്തോഷിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനുപകരം പാവനമായ ആ ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവര്‍ ഗൗരവമായി ആത്മ പരിശോധന ചെയ്യണം.

ഡീക്കന്മാരുടെ തിരുപ്പട്ടത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങളും സമരങ്ങളും ആത്മാര്‍ത്ഥതയുള്ളതായിരുന്നുവെങ്കില്‍ പരിപാവനമായ ആ കൂദാശ ഏറ്റവും ആഘോഷമായി നടത്താന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്.

ഡീക്കന്മാരെ സ്‌നേഹിക്കുന്ന എല്ലാവരും അവരുടെ തിരുപ്പട്ട സ്വീകരണവും പൗരോഹിത്യ ശുശ്രൂഷയും തിരുസഭയോട് ചേര്‍ന്നു നിന്ന് ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനാവശ്യമായ അനുകൂല സാഹചര്യം ഒരുക്കി കൊടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

വിശ്വാസികള്‍ ഏറെ പാവനമായി കരുതുന്ന പൗരോഹിത്യ തിരുപ്പട്ട ശുശ്രൂഷയെയും പരിശുദ്ധ കുര്‍ബാനയെയും സമൂഹ മധ്യത്തില്‍ അപമാനിക്കുകയും അതിന്റെ കൗദാശികതയ്ക്ക് കളങ്കം ചാര്‍ത്തുകയും ചെയ്യും വിധമുള്ള പ്രതിഷേധങ്ങളും സമരങ്ങളും ഒഴിവാക്കണമെന്നും മീഡിയ കമ്മീഷന്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.