മോൺ ജോർജ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

മോൺ ജോർജ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

ചങ്ങനാശേരി: മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി മാർപ്പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.

പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി (എമിരത്തൂസ്) എന്നിവർ ആശംസകൾ നേർന്നു. വൈദിക ശ്രേഷ്ഠർ അദേഹത്തിന് അരപ്പട്ടയും മോതിരവും ധരിപ്പിച്ചു. കാലം ചെയ്ത മാർ ജോസഫ് പൗവത്തിൽ ഉപയോഗിച്ചിരുന്ന കുരിശുമാല മാർ ജോസഫ് പെരുന്തോട്ടം മോൺസിഞ്ഞോർ കൂവക്കാട്ടിനെ അണിയിച്ചു. അതിരൂപതാ ചാനസലർ ഡോ. ഐസക്ക് ആലഞ്ചേരി  മംഗളപത്രം വായിച്ചു. ഫാ. ജെയിംസ് പാലക്കൽ നന്ദി പറഞ്ഞു.  കൽദായ സഭയുടെ ശക്തി കേന്ദ്രമായിരുന്ന നിസിബിസ് മധ്യപൂർവദേശത്തെ സംഘർഷങ്ങളെ തുടർന്ന് അപ്രത്യക്ഷമായ ഒരു രൂപതയായിരുന്നു.

എല്ലാ മെത്രാന്മാർക്കും ഒരു രൂപത വേണമെന്നാണ് കാനൻ നിയമം അനുശാസിക്കുന്നത്. എന്നാൽ സ്വന്തമായി രൂപതയില്ലാത്തവർക്ക് - സഹായ മെത്രാന്മാർക്കും കൂരിയയിൽ ജോലി ചെയ്യുന്ന മെത്രാന്മാർക്കും സ്ഥാനിക രൂപത നൽകുന്ന പതിവ് കത്തോലിക്ക സഭയിലുണ്ട്. സ്ഥാനിക രൂപതയെന്നാൽ, പണ്ടുണ്ടായിരുന്നതും എന്നാൽ പിന്നീട് പല കാരണങ്ങളാൽ നിന്നുപോയതുമായ രൂപത എന്നാണർത്ഥമാക്കുന്നത്. മതപീഡനം മൂലമോ ആളുകൾ ഇല്ലാതായതുമൂലമോ നിന്നുപോയ രൂപതയാണ് ഇപ്പോൾ സ്ഥാനിക രൂപതയായി മെത്രാന്മാർക്ക് നൽകുന്നത്.

നിന്നുപോയി എങ്കിലും ആ രൂപതയുടെ പ്രാധാന്യവും മഹത്വവും നിലനിർത്താൻ വേണ്ടിയാണ് സ്ഥാനിക രൂപതകളില്‍ മെത്രാന്‍മാരെ നൽകുന്നത്. തുര്‍ക്കിയിലെ നിസിബിസ് കൽദായ അതിരൂപത പൗരസ്ത്യ ദേശത്തെ പുരാതന അതിരൂപതയായിരുന്നു. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്.

മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ സഭയുടെ തലവനായ മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ നവംബർ 24ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽ വച്ചും കർദിനാളായി ഡിസംബർ ഏഴിന് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ വച്ചും നടത്തപ്പെടും.

2006 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മോൺ. ജോർജ് കൂവക്കാടിന് 2020ൽ പ്രെലേറ്റ് പദവി നൽകി. അൽജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ അപ്പസ്തോലിക് നുൺഷ്യയോടെ സെക്രട്ടറിയായിരുന്നു. 2020ൽ ആണ് വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിൽ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചത്.

ചങ്ങനാശേരി മാമ്മൂട് ലൂർദ്‌മാതാ ഇടവകാംഗമാണ് നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. കൂവക്കാട് ജേക്കബും ത്രേസ്യാമ്മയുമാണ് മാതാപിതാക്കൾ. മകനായി 1973 ഓഗസ്റ്റ് 11ന് ജനിച്ചു. 2004 ജൂലൈ 24നു മാർ ജോസഫ് പൗവത്തിലിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. എസ്ബി കോളജിൽ നിന്ന് ബിഎസ്‌സി ബിരുദം നേടി. റോമിൽ നിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.