തുടക്കത്തിലേ കല്ലുകടി: അന്‍വറിന്റെ ഡിഎംകെയില്‍ അഭിപ്രായ ഭിന്നത; പാലക്കാട് ജില്ലാ സെക്രട്ടറി രാജി വച്ചു

തുടക്കത്തിലേ കല്ലുകടി: അന്‍വറിന്റെ ഡിഎംകെയില്‍ അഭിപ്രായ ഭിന്നത; പാലക്കാട് ജില്ലാ സെക്രട്ടറി രാജി വച്ചു

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മിന്‍ഹാജിനെ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് പി.വി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ ജില്ലാ സെക്രട്ടറി ബി.ഷമീര്‍ രാജിവച്ചു.

പാര്‍ട്ടി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ പിളര്‍പ്പുണ്ടായിരിക്കുകയാണ്. ഇടത് പക്ഷത്തിനും യുഡിഎഫിനുമൊപ്പം നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണം എന്ന നിലപാടുകൊണ്ടാണ് അന്‍വറിനൊപ്പം നിന്നതെന്നും എന്നാല്‍ സംഘടന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്നും ബി.ഷമീര്‍ അറിയിച്ചു.

പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ബി.ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയംതന്റെ പാര്‍ട്ടിയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും ഷമീര്‍ പാര്‍ട്ടിയുടെ ആരുമല്ലെന്നും പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം അന്‍വര്‍ ഡിഎംകെയുടെ ശക്തി പ്രകടനത്തിന് ആളെ കൊണ്ടു വന്നത് കൂലിക്ക് എത്തിച്ചതാണെന്ന പരിഹാസത്തിനും എംഎല്‍എ മറുപടി നല്‍കിയിരുന്നു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ ) റാലിയില്‍ സിപിഎം ചിലരെ തിരുകി കയറ്റിയെന്നാണ് അന്‍വര്‍ പറയുന്നത്.

കൂലിക്ക് ആളെ ഇറക്കിയ സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിരുപാധികം പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.