കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരേ ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നുമാണ് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ സുധാകരന്റെ ഭീഷണി.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്.
കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതു പക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ചേവായൂര്‍ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കി മാറ്റാന്‍ സമ്മതിക്കില്ല. ഇടതു മുന്നണിയെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും പിന്നില്‍ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച വിഷയമാണ് ചേവായൂരിലെ സഹകരണ ബാങ്ക് ഭരണ സമിതിയുമായി ബന്ധപ്പെട്ടുണ്ടായത്. ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി.സി പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചിരുന്നു.
കെപിസിസി അംഗവും കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റുമായ കെ.വ. സുബ്രഹ്മണ്യനടക്കമുള്ളവരാണ് രാജിവെച്ചത്. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രാദേശിക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വ്യക്തി താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ച് സ്ഥാനാര്‍ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.