'തൃശൂര്‍ പൂരം കലങ്ങിയില്ല; അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നത്': മുഖ്യമന്ത്രി

'തൃശൂര്‍ പൂരം കലങ്ങിയില്ല; അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നത്':  മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല എന്ന വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിനായി തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തില്‍ ഔദ്യോഗിക പത്രക്കുറിപ്പിറക്കിയത്.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണ്. പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതുകൊണ്ടാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

പൂരത്തില്‍ പ്രശ്നങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു. വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്ന നടപടിയും ഉണ്ടായെന്നും മുഖ്യമന്ത്രി പറയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൂരം കലക്കല്‍ പരാമര്‍ശത്തിന് എതിരെ സിപിഐ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. പിന്നാലെ പൂരം കലക്കലില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മതപരമായ ആഘോഷം തടസപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും ചടങ്ങുകളെല്ലാം യഥാവിധി നടന്നെന്നും വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തു വന്നിരുന്നു. എന്നാല്‍ പൂരം അലങ്കോലപ്പെട്ടുവെന്നും പൂരം കലക്കാന്‍ ഗൂഢാലോചന നടന്നുവെന്നുമാണ് സിപിഐ ആരോപിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.