കാസര്‍കോട്: നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് വന്‍ അപകടം. അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 154 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 97 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണമെന്നാണ് വിവരം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയായിരുന്നു. തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ദൃക്സാക്ഷികള്‍ പറയുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 16, മാവുങ്കല്‍ സഞ്ജീവനി ആശുപത്രിയില്‍ 10, പരിയാരം മെഡിക്കല്‍ കോളജില്‍ അഞ്ച്, കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ 17, കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍ മൂന്ന്, കാഞ്ഞങ്ങാട് മിംസ് ആശുപത്രിയില്‍ 18, മിംസ് ആശുപത്രി കോഴിക്കോട് രണ്ട്, കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ ഒരാള്‍, ചെറുവത്തൂര്‍ കെ.എച്ച് ആശുപത്രിയില്‍ രണ്ട്, കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി അഞ്ച്, മംഗലാപുരം എ.ജെ മെഡിക്കല്‍ കോളജില്‍ 18 പേര്‍ ഉള്‍പ്പെടെ ആകെ 97 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
അതേസമയം പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ കൂടുതല്‍ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. 100 മീറ്റര്‍ അകലം വേണമെന്നിരിക്കെ പടക്കപ്പുരയുടെ രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായും കളക്ടര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.