മകനെ ബലി നല്‍കണമെന്ന് ഭര്‍ത്താവ്; ബ്ലാക്ക് മാജിക്കില്‍ നിന്ന് സംരക്ഷണം തേടി ഭാര്യ പൊലീസ് സ്റ്റേഷനില്‍: ഇസ്ലാമിലേക്ക് മതം മാറ്റാനും ശ്രമം

മകനെ ബലി നല്‍കണമെന്ന് ഭര്‍ത്താവ്; ബ്ലാക്ക് മാജിക്കില്‍ നിന്ന് സംരക്ഷണം തേടി ഭാര്യ പൊലീസ് സ്റ്റേഷനില്‍: ഇസ്ലാമിലേക്ക് മതം മാറ്റാനും ശ്രമം

ബംഗളൂരു: മൂന്ന് വയസുകാരനായ മകനെ ബലി നല്‍കാനുള്ള ഭര്‍ത്താവിന്റെ നീക്കത്തില്‍ നിന്നും സംരക്ഷണം തേടി യുവതി പൊലീസ് സ്റ്റേഷനില്‍. ബംഗളൂരുവിലാണ് സംഭവം.

ഭര്‍ത്താവ് ബ്ലാക്ക് മാജിക്കിന്റെ പിടിയിലാണെന്നും തന്നെയും മകനെയും ഉപദ്രവിക്കാറുണ്ടെന്നും പണവും ഐശ്വര്യവും വരാന്‍ മകനെ ബലി നല്‍കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് യുവതി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പരാതിയില്‍ സദ്ദാം എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പരാതിയുമായി ആര്‍.കെ പുരം പൊലീസിനെ നേരത്തേ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. മന്ത്രവാദത്തിലെ 'കുട്ടി പൂജ' എന്ന ആചാരത്തിനായാണ് മകനെ ബലി നല്‍കാന്‍ ശ്രമിച്ചത്.

സെപ്റ്റംബര്‍ 28 ന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും സംരക്ഷണം ഒരുക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

2020 ലാണ് സദ്ദാമുമായി യുവതി പരിചയത്തിലാകുന്നത്. അന്ന് ആധി ഈശ്വര്‍ എന്നായിരുന്നു സദ്ദാം സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും അതേ വര്‍ഷം വിവാഹിതരാവുകയുമായിരുന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ഇതിന് പിന്നാലെ നവംബറില്‍ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്യണമെന്ന് സദ്ദാം നിര്‍ബന്ധിച്ചതായി യുവതി പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ഐശ്വര്യമുണ്ടാകുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ഇതിന് പിന്നാലെ യുവതിയെ മതം മാറ്റാനുള്ള ശ്രമം നടത്തിയെന്നും പേര് മാറ്റിയെന്നും പരാതിക്കാരി ഉന്നയിച്ചു.

ഗര്‍ഭിണിയായതോടെ ശാരീരിക പീഡനം നേരിട്ടിരുന്നതായും യുവതി പറഞ്ഞു. 2021 ലാണ് യുവതി മകന് ജന്മം നല്‍കുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നത്.

അമ്മയെയും ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായും യുവതി പറഞ്ഞു. കേരളത്തിലാണ് മന്ത്രവാദ പൂജകള്‍ പലതും നടത്തിയിരുന്നതെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവില്‍ താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയും സുഹൃത്തും ചേര്‍ന്ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി വീണ്ടും പൊലീസിനെ സമീപിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.