ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട; 19 പേര്‍ അറസ്റ്റില്‍, പിടിയിലായത് പൊലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനില്‍

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട; 19 പേര്‍ അറസ്റ്റില്‍, പിടിയിലായത് പൊലീസും സിആര്‍പിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനില്‍

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ വന്‍ മാവോയിസ്റ്റ് വേട്ട.പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 19 മാവോയിസ്റ്റുകള്‍ അറസ്റ്റിലായി. ജഗര്‍ഗുണ്ട പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ നിന്ന് 14 പേരും ഭേജി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്. കൊണ്ട ഏരിയ കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) യുടെ കീഴില്‍ വരുന്ന മേഖലയാണിത്.

മൂന്ന് ജെലാറ്റിന്‍ റോഡുകള്‍, 300 ഗ്രാം വെടിമരുന്ന്, കോര്‍ഡെക്‌സ് വയര്‍, ഡിറ്റോണേറ്റര്‍, ഇലക്ട്രിക് വയറുകള്‍, ബാറ്ററികള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സിആര്‍പിഎഫിന്റെ 219, 150 ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥര്‍, കോബ്ര യൂണിറ്റിന്റെ 201-ാം ബറ്റാലിയന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത നക്‌സല്‍ വിരുദ്ധ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. ബസ്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു.

ജഗര്‍ഗുണ്ടയില്‍ നിന്ന് പിടിയിലായ 14 പേര്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ മൂന്ന് പേരുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വീതം പൊലീസ് വിലയിട്ടിരുന്നു. കമാന്‍ഡര്‍ ബര്‍സെ ഹദ്മ (25), ബര്‍സെ നാഗേഷ് (20), ഹെംല ജിതു (18) എന്നിവരാണ് തലയ്ക്ക് വിലയിട്ട മാവോയിസ്റ്റുകള്‍. ഭേജില്‍ നിന്ന് അറസ്റ്റിലായ അഞ്ച് മാവോയിസ്റ്റുകള്‍ ഭന്ദര്‍പദര്‍ ഗ്രാമവാസിയെ കൊന്നകേസിലെ പ്രതികളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൊലപാതകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.