ദാനധര്‍മം സ്വീകരിക്കുന്ന വ്യക്തിയേക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് നല്‍കുന്നവനാണ്; യാചകരോടുള്ള നമ്മുടെ കാഴ്ചപ്പാട് യേശുവിന്റെപോലെ ആയിരിക്കുക: മാര്‍പാപ്പ

ദാനധര്‍മം സ്വീകരിക്കുന്ന വ്യക്തിയേക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് നല്‍കുന്നവനാണ്; യാചകരോടുള്ള നമ്മുടെ കാഴ്ചപ്പാട് യേശുവിന്റെപോലെ ആയിരിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തിന് നമ്മുടെ ജീവിതങ്ങളെ മാറ്റിമറിക്കാനും ദിശാബോധം നല്‍കാനും നമ്മെ സന്തോഷഭരിതരാക്കാനും കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ കര്‍ത്താവിലുള്ള വിശ്വാസത്തിനും ശരണത്തിനും എല്ലാവരെയും രക്ഷിക്കാനുള്ള ശക്തിയുണ്ടെന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 27 ഞായറാഴ്ച വത്തിക്കാനില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. യേശു ബര്‍തിമേയൂസിന് കാഴ്ച നല്‍കുന്നതുമായി ബന്ധപ്പെട്ട തിരുവചനങ്ങളെ (മര്‍ക്കോസ് 10: 46-52) അടിസ്ഥാനമാക്കിയാണ് ഈയാഴ്ച പരിശുദ്ധ പിതാവ് വിചിന്തനങ്ങള്‍ പങ്കുവച്ചത്.

യേശു ബര്‍തിമേയൂസിനെ കേള്‍ക്കുകയും കാണുകയും ഒടുവില്‍ അവനെ സുഖപ്പെടുത്തുകയും ചെയ്തു. കാരണം, അവന്റെ ആഴമായ വിശ്വാസവും കര്‍ത്താവിന്റെ അരികില്‍ എത്താനായി തനിക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിക്കാനുള്ള അവന്റെ സന്നദ്ധതയും അവിടുന്ന് തിരിച്ചറിഞ്ഞു.

യേശുവുമായുള്ള ബര്‍തിമേയൂസിന്റെ കൂടിക്കാഴ്ചയുടെ രംഗം മനസില്‍ കൊണ്ടുവരാന്‍ മാര്‍പാപ്പാ അവിടെ കൂടിയിരുന്നവരോട് ആവശ്യപ്പെട്ടു. ബര്‍തിമേയൂസിന്റെ നിലവിളി, അവന്റെ വിശ്വാസം, കാഴ്ച ലഭിച്ചതിനു ശേഷം അവന്‍ യേശുവിനെ അനുഗമിച്ചത് - ഈ മൂന്നു കാര്യങ്ങള്‍ പ്രത്യേക പരിഗണനയോടെ ധ്യാനിക്കണമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

നിലവിളി

ബര്‍തിമേയൂസിന്റെ നിലവിളി ഒരു സഹായാഭ്യര്‍ത്ഥന മാത്രമായിരുന്നില്ല അതിലുപരി, താന്‍ ആയിരിക്കുന്ന അവസ്ഥ യേശുവിന്നെ അറിയിക്കാനുള്ള അവന്റെ ശ്രമം കൂടിയായിരുന്നു. ആ അന്ധയാചകന്‍ യേശുവിനോട് പറയുന്നത് ഇതാണ്: 'ഞാന്‍ ഇവിടെ ഉണ്ട്, എന്നെ നോക്കൂ, ഞാന്‍ അന്ധനാണ്, യേശുവേ, അങ്ങ് എന്നെ കാണുന്നുവോ?' എന്നാല്‍, യേശു അവനെ കാണുക മാത്രമല്ല, ശ്രദ്ധിച്ചു കേള്‍ക്കുകകൂടി ചെയ്തു. യേശു അവനെ കേട്ടത് ശരീരം കൊണ്ടുമാത്രമല്ല, ഹൃദയം കൊണ്ടുകൂടിയാണ് - പാപ്പാ അഭിപ്രായപ്പെട്ടു.

വിശ്വാസത്തിന്റെ ശക്തി

പരിശുദ്ധ പിതാവ് രണ്ടാമത് ചൂണ്ടിക്കാട്ടിയത്, ബര്‍തിമേയൂസിന്റെ വിശ്വാസത്തെക്കുറിച്ചാണ്. 'നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.' (മര്‍ക്കോസ് 10 : 52) യേശു അവനോടു പറഞ്ഞ വാക്കുകള്‍ മാര്‍പാപ്പ അനുസ്മരിച്ചു. ബര്‍തിമേയൂസിന് കാഴ്ച ലഭിച്ചത് അവന്‍ വിശ്വസിച്ചതിനാലാണ്. ക്രിസ്തുവാണ് തന്റെ കണ്ണുകളുടെ പ്രകാശം എന്നാണ് അവന്‍ ഉറച്ചുവിശ്വസിച്ചത്. 'യേശു നോക്കിയതു പോലെയാണോ ഞാന്‍ ഒരു യാചകനെ നോക്കുന്നത്?' പാപ്പാ ചോദിച്ചു.

ദിശാബോധം

സുഖം പ്രാപിച്ച ശേഷം ബര്‍തിമേയൂസ് യേശുവിനെ അനുഗമിക്കുകയാണ് ചെയ്തത്. നാം ഓരോരുത്തരും ബര്‍തിമേയൂസിനെപ്പോലെയാണ്. നമ്മുടെ ആന്തരിക നേത്രങ്ങള്‍ അന്ധത ബാധിച്ചവയാണ്. അത് മനസിലാക്കിയാല്‍ നാം യേശുവിനെ അനുഗമിക്കും.

അതിലുപരി, ദരിദ്രനായ ഒരു വ്യക്തി നമ്മെ സമീപിക്കുമ്പോള്‍ യേശു തന്നെയാണ് നമ്മെ സമീപിക്കുന്നതെന്ന് നമുക്ക് ഓര്‍ക്കാം. ദാനധര്‍മ്മം സ്വീകരിക്കുന്ന വ്യക്തിയേക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് നല്‍കുന്നവനാണ് കാരണം, കര്‍ത്താവിന്‍ ദൃഷ്ടികളില്‍നിന്ന് അവന്‍ ഒരിക്കലും മറഞ്ഞിരിക്കുന്നില്ല - പാപ്പാ പറഞ്ഞു.

'ഓ മറിയമേ, ഞങ്ങളുടെ രക്ഷയുടെ പ്രഭാത നക്ഷത്രമേ, ക്രിസ്തുവിന്റെ പ്രകാശത്തില്‍ ഞങ്ങളുടെ യാത്രയെ കാത്തുകൊള്ളണമേ!' - ഈ പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.