കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തടയിടാന്‍ ജനകീയ ഇടപെടലുകള്‍ ശക്തമാക്കി മമത ബാനര്‍ജി. പാവപ്പെട്ടവര്‍ക്ക് അഞ്ചു രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 'മാ' എന്ന ഭക്ഷണ പദ്ധതിയ്ക്കാണ് ദീദി തുടക്കമിട്ടത്. ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറി, മുട്ടക്കറി... എല്ലാത്തിനും കൂടി നല്‍കേണ്ടത് വെറും അഞ്ചു രൂപ മാത്രം.
നിര്‍ധനര്‍ക്കായി നടപ്പാക്കുന്ന ഈ ഉച്ചഭക്ഷണ പദ്ധതിയില്‍ ഒരു പ്ലേറ്റിന് 15 രൂപ സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സ്വയം സഹായ സംഘങ്ങള്‍ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെയാകും ഇത്തരം അടുക്കളകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനമൊട്ടാകെ മാ കിച്ചണുകള്‍ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതില്‍ നിന്നാണ് പദ്ധതിക്ക് 'മാ' എന്ന പേര് നല്‍കിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാട്ടിലാണ് അമ്മ ഊണവഗം എന്ന പേരില്‍ ആദ്യമായി സഹായവിലയില്‍ ഭക്ഷണം വിതരണം ആരംഭിച്ചത്.
ഒഡിഷ, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിന്‍തുടര്‍ന്നു. ഗുജറാത്തില്‍ പദ്ധതി ഇടക്കുവെച്ച് നിര്‍ത്തലാക്കിയത് നൂറു കണക്കിനാളുകളെ ദുരിതത്തിലാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.