ബാഴ്സലോണ: സ്പെയിനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് ആളുകളെ കാണാതാകുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് സ്പെയിന്‍ നേരിടുന്നത്. കിഴക്കന്‍ പ്രവിശ്യയായ വലന്‍സിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.
ചൊവ്വാഴ്ച പെയ്ത പേമാരി പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു. മലാഗ മുതല്‍ വലന്‍സിയ വരെ വ്യാപിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി പാലങ്ങളും കെട്ടിടങ്ങളും തകരുകയും വാഹനങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തതായും സ്‌പെയിന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേല്‍ക്കൂരകളിലും മരങ്ങളിലും കാറുകള്‍ക്ക് മുകളിലും കയറിയാണ് പലരും രക്ഷപ്പെട്ടത്.
പ്രകൃതി ക്ഷോഭം വലന്‍സിയ അതിരൂപതയെയും ക്യൂന്‍ക, അല്‍ബാസെറ്റെ എന്നീ രൂപതകളെയും ബാധിച്ചെങ്കിലും കത്തോലിക്കാ സഭ ദുരിതബാധിതരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് പ്രത്യേക കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷണവും മറ്റു സൗകര്യങ്ങളും വലന്‍സിയ അതിരൂപതയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
വലന്‍സിയയിലെ ആര്‍ച്ച് ബിഷപ്പ് എന്റിക് ബെനവെന്റ് ബുധനാഴ്ച രാവിലെ നഗരത്തിന്റെ രക്ഷാധികാരിയായ ഔവര്‍ ലേഡി ഓഫ് അബാന്‍ഡണ്‍ഡ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലി നടത്തി. ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നവര്‍ പരിശുദ്ധ അമ്മയുടെ ഹൃദയത്തോട് അടുത്തിരിക്കുന്നതുപോലെ, ദുരിത ബാധിതരെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തണമെന്ന് വചനപ്രഘോഷണത്തിനിടെ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഈ മഹാദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കാണാതായവര്‍ക്കുമായി പരിശുദ്ധ കന്യകാമറിയത്തിന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കേണ്ടി വന്നു. കാണാതായവരില്‍ പലരെയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. മിക്കയിടത്തും മഴവെള്ളം കയറിയതിനാല്‍ റോഡ്, റെയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ദുരിത ബാധിത മേഖലകളില്‍ വൈദ്യുതിയും മുടങ്ങി. അതിരൂക്ഷമായ ദുരിതം തുടരുന്നതിനാല്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
സ്‌പെയിനിലെ എമര്‍ജന്‍സി റെസ്പോണ്‍സ് യൂണിറ്റുകളില്‍ നിന്നുള്ള ആയിരത്തിലധികം സൈനികരെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചതായി ഭരണകൂടം വ്യക്തമാക്കി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മുന്നൂറിലധികം യാത്രക്കാരുമായിപ്പോയ ഒരു ട്രെയിന്‍ പാളം തെറ്റി. സ്‌പെയിന്‍ നേരിടുന്ന ദുരിതത്തിന് ആശ്വാസമാകാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു.
ധാരാളം പേര്‍ കാണാതായതിനാല്‍ മരണസംഖ്യ ഉയരുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. സുനാമി പോലെയായിരുന്നു വെള്ളപ്പൊക്കമെന്ന് അതിജീവിച്ചവര്‍ വിവരിക്കുന്നു. വലന്‍സിയയില്‍ മാത്രം 92 മരണം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 1973-ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക മരണസംഖ്യയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.