വിഴിഞ്ഞത്തിന് കേന്ദ്ര സഹായമില്ല, നല്‍കിയ തുക വായ്പയാക്കി മാറ്റി; കേരളം തിരിച്ചടയ്ക്കണം: പിന്നില്‍ അദാനിയെന്ന് സൂചന

വിഴിഞ്ഞത്തിന് കേന്ദ്ര സഹായമില്ല, നല്‍കിയ തുക വായ്പയാക്കി മാറ്റി; കേരളം തിരിച്ചടയ്ക്കണം:  പിന്നില്‍ അദാനിയെന്ന് സൂചന

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങില്‍ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്കായി കേന്ദ്രം നല്‍കിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നില്‍ അദാനിയുടെ സമ്മര്‍ദ്ദമെന്നാണ് സൂചന.

817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വെച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്‌സ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പലിശയുള്‍പ്പെടെ 10,000 കോടി രൂപയോളം കേരളം തിരിച്ചടക്കേണ്ടി വരും.

വിഴിഞ്ഞം പദ്ധതിയുടെ അതേ മോഡലിലുള്ള തൂത്തുക്കുടി അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായമാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

8867 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ 5595 കോടിയും കേരളമാണ് എടുക്കുന്നത്. ഇതിനിടയില്‍ കേന്ദ്രം അനുവദിച്ച പണം വായ്പയാക്കിയാല്‍ വലിയ തുക ആ വിധത്തില്‍ നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുന്‍പ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ അദാനി ഗ്രൂപ്പ് വൈകിയിരുന്നു. ആയിരം ദിവസം എന്ന കാലാവധി പാലിക്കാതെയിരുന്ന അദാനി 925 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി നിയമപരമായി കേരളം നീങ്ങിയിരുന്നു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.