'ഉടമസ്ഥരെ അവരുടെ വാസ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം തടയണം'; മുനമ്പം സമരവേദി സന്ദര്‍ശിച്ച് ജോസ് കെ. മാണി

'ഉടമസ്ഥരെ അവരുടെ വാസ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം തടയണം'; മുനമ്പം സമരവേദി സന്ദര്‍ശിച്ച് ജോസ് കെ. മാണി

കൊച്ചി: ജോസ് കെ. മാണി എംപി മുനമ്പം സമരവേദി സന്ദര്‍ശിച്ചു. മുനമ്പത്തെ നിയമാനുസൃത ഉടമസ്ഥരെ അവരുടെ വാസ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം നിയമപരമായും നയപരമായും നീതിപരമായും പരിഹരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

1992 ഓഗസ്റ്റില്‍ രജിസ്ട്രേഷന്‍ നിയമ പ്രകാരം ക്രയവിക്രയ അവകാശത്തോട് കൂടി മുനമ്പത്തെ കുടുംബങ്ങള്‍ക്ക് വിലയാധാര പ്രകാരം വില്‍പന നടത്തിയതാണ് മുനമ്പത്തെ ഭൂമി. ഇങ്ങനെ വില്‍പന നടത്തിയ ഭൂമിയുടെ മുന്നാധാരം അടക്കമുള്ള രേഖകള്‍ പരിശോധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്ഥലം വാങ്ങിയ വ്യക്തികളുടെ പേരില്‍ പോക്കുവരവ് നടത്തി ഉടമസ്ഥാവകാശം കൊടുത്തിട്ടുള്ളതാണ്. ഇതിന് ശേഷം ഭൂമി വാങ്ങിയവരും അവരുടെ അനന്തര അവകാശികളും 2022 വരെ കരമടച്ച് സര്‍വ സ്വാതന്ത്ര്യത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണെന്നും എംപി ചൂണ്ടിക്കാട്ടി.

ഏകദേശം 610 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപരമായും നീതിപരമായും ഈ സ്ഥലം ഇന്നത്തെ ഭൂ ഉടമകള്‍ക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണെന്നതില്‍ തര്‍ക്കമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് അദേഹം വ്യക്തമാക്കി.

നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള ജനസമൂഹങ്ങളുടെ പോരാട്ടങ്ങളെ എന്നും മുന്നില്‍ നയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. കൈവശ ഭൂമിയില്‍ നിന്നുമുള്ള കുടിയിറക്കത്തെയും കുടിയൊഴിപ്പിക്കലിനെയും എന്നും അതിശക്തമായിട്ടാണ് കേരള കോണ്‍ഗ്രസ് എം എതിര്‍ത്തിട്ടുള്ളത്. കടല്‍ നിയമങ്ങളില്‍ ഉണ്ടായ മാറ്റങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും പേരില്‍ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും വാസസ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമായപ്പോള്‍ അവര്‍ക്കായി അതിശക്തമായ നിലപാടാണ് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.

കൈവശ ഭൂമിയുടെ പരിപൂര്‍ണ്ണ ഉടമസ്ഥാവകാശത്തിനായി നിരവധി ഭൂസമരങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. ആ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കേരള കോണ്‍ഗ്രസ് നേതാക്കളായ തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരും സന്ദര്‍ശന വേളയില്‍ അദേഹത്തിനൊപ്പം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.