യുഡിഎഫ് വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും; സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ 'കമല്‍ മാനദണ്ഡ' പ്രകാരം: ചെന്നിത്തല

യുഡിഎഫ് വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും; സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ 'കമല്‍ മാനദണ്ഡ' പ്രകാരം: ചെന്നിത്തല

ആലപ്പുഴ : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയവിരുദ്ധമായുള്ള കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണ്. കേരള ബാങ്ക് സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്നും ചെന്നിത്തല പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ്സ് അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തുന്നത് ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാരിന് കമല്‍ മാനദണ്ഡമാണ്. ആറുമാസം കൊണ്ട് 1659 പേരെ 'കമല്‍ മാനദണ്ഡ' പ്രകാരം സ്ഥിരപ്പെടുത്തിയതായും ചെന്നിത്തല പരിഹസിച്ചു.

പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടി കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ വസ്തുതയുണ്ട്.

ഇതിന് ഉദാഹരണമാണ് സിപിഒമാരുടെ റാങ്ക് ലിസ്റ്റ്. യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് പിഎസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടൂള്‍കിറ്റ് കേസില്‍ യുവാക്കളെ ജയിലില്‍ അടയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.