അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്രയേറെ സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഷിങ്ടണ്‍: ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 
നോര്‍ത്ത് കരോലിന, നെവാഡ,  വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല നേരിയ മുന്‍തൂക്കം നേടുമ്പോള്‍ അരിസോണയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. ജോര്‍ജിയ, മിഷിഗണ്‍,  പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്  ഇരു സ്ഥാനാര്‍ത്ഥികളുടെയും അവസാനഘട്ട പ്രചാരണം പുരോഗമിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്രയേറെ സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന 1973 ലെ വിധിയില്‍ നിന്നും അമേരിക്കന്‍ സുപ്രീം കോടതി നിലപാട് മാറ്റിയതോടെ ഗര്‍ഭഛിദ്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. റിപ്പബ്ലിക്കന്‍സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ഗര്‍ഭഛിദ്രം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഗര്‍ഭഛിദ്രം രാജ്യവ്യാപകമായി നിയമ വിരുദ്ധമാക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രചാരണത്തില്‍ ഉടനീളം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നും സുരക്ഷിത്വം നിറഞ്ഞ ഗര്‍ഭഛിദ്രം നിയമം മൂലം സംരക്ഷിക്കുമെന്നുമാണ് കമല ഹാരിസിന്റെ നിലപാട്.  ഗര്‍ഭഛിദ്രം സംബന്ധിച്ച വിഷയം പത്ത് സംസ്ഥാനങ്ങളിലെയെങ്കിലും ജനവിധിയെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടിയേറ്റമാണ് പ്രചാരണ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന വിഷയം. കുടിയേറ്റക്കാരെ പലപ്പോഴും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ നടപടികള്‍ നാസി കാലത്തേതിന് സമാനമാണെന്ന് പോലും വിമര്‍ശനമുണ്ടായി.
കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളില്‍ ട്രംപിനേക്കാള്‍ മയപ്പെട്ട നിലപാടാണ് കമല ഹാരിസിന്റേത്. വിഷയത്തില്‍ ഒരു സമവായ ശ്രമമാണ് കമല മുന്നോട്ട് വയ്ക്കുന്നത്.  കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിതമായി നിജപ്പെടുത്തണം എന്ന തരത്തിലുള്ള  നിര്‍ദേശമാണ് കമല ഹാരിസ് സ്വീകരിച്ച് വരുന്നത്. എന്തായാലും വിജയം ഉറപ്പിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ സ്വന്തമാക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികളും ശക്തമായി രംഗത്തുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.