'രാഹുല്‍ ഗാന്ധിയെ സ്വാധീനിക്കാന്‍ അദാനി പരമാവധി ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല'; വെളിപ്പെടുത്തലുമായി രജ്ദീപ് സര്‍ദേശായിയുടെ പുസ്തകം

 'രാഹുല്‍ ഗാന്ധിയെ  സ്വാധീനിക്കാന്‍ അദാനി പരമാവധി ശ്രമിച്ചു;  പക്ഷേ ഫലമുണ്ടായില്ല'; വെളിപ്പെടുത്തലുമായി രജ്ദീപ് സര്‍ദേശായിയുടെ പുസ്തകം

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാഹുല്‍ ഗാന്ധിയെ സ്വാധീനിക്കാന്‍ അദാനി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയുടെ പുസ്തകം.

രാഹുലിന്റെ മനസില്‍ കയറിപ്പറ്റാന്‍ അദാനി പല വഴികളിലൂടെ ശ്രമം നടത്തിയിരുന്നുവെന്നും പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇതിന് ഇടനില നില്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് പുസ്തകത്തിലുള്ളത്. രജ്ദീപ് സര്‍ദേശായിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന '2024, ദ ഇലക്ഷന്‍സ് ദാറ്റ് സര്‍പ്രൈസ്ഡ് ഇന്ത്യ' എന്ന പുസ്തകത്തിലാണ് രാഹുലിനടുത്തെത്താന്‍ ശ്രമിച്ച് അദാനി പരാജയപ്പെട്ടെന്ന കാര്യം വെളിപ്പെടുത്തുന്നത്.

ഇതിനായി ചുക്കാന്‍ പിടിച്ചത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്നും രജ്ദീപ് സര്‍ദേശായി പറയുന്നുണ്ട്. അഹമ്മദ് പട്ടേലും കമല്‍ നാഥുമായിരുന്നു മുഖ്യമായി പ്രവര്‍ത്തിച്ചത്. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വധേരയും അദാനിയെ രാഹുലിന്റെ അടുത്തെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ നടന്നില്ലെന്ന് പുസ്തകത്തില്‍ പറയുന്നു.

'ഡല്‍ഹിയില്‍ ഒരു മീറ്റിങ് സംഘടിപ്പിക്കാന്‍ വലിയ ശ്രമം തന്നെ ഉണ്ടായി. അഹമ്മദ് പട്ടേലും കമല്‍നാഥും വഴിയായിരുന്നു ഈ നീക്കം ഉണ്ടായത്. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം പറഞ്ഞ് രാഹുലിനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞില്ല'- സര്‍ദേശായി എഴുതുന്നു.

എന്‍സിപി നേതാവ് ശരദ് പവാര്‍ വഴിയും രാഹുലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തിലുണ്ട്. അദാനിക്ക് ശരദ് പവാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ആ വഴിയും അദാനി ഒരിക്കല്‍ ശ്രമിച്ചു നോക്കിയിരുന്നു. എന്നാല്‍ ശരദ് പവാര്‍ അതില്‍ നിന്നും മാറിനില്‍ക്കുകയാണുണ്ടായത് എന്ന് പുസ്തകത്തില്‍ പറയുന്നു.

രാഹുല്‍-അദാനി പോരിന്റെ ഒരു ചരിത്രവും പുസ്തകത്തിലൂടെ രജ്ദീപ് സര്‍ദേശായി വിവരിക്കുന്നുണ്ട്. രാഹുലിന് ചുറ്റും ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഒരു സംഘമുണ്ടെന്നും അവരാണ് തനിക്കെതിരെയുള്ള നിരവധി കാര്യങ്ങള്‍ രാഹുലിനെ പറഞ്ഞുപഠിപ്പിക്കുന്നതെന്നുമാണ് അദാനിയുടെ വാദം.

2014 ന് മുന്‍പായി രാഹുലിന് ഒരു കോണ്‍ഗ്രസ് നേതാവ് മോഡി-അദാനി ബന്ധത്തെപ്പറ്റി ഒരുപാട് വിശദീകരിച്ചെന്നും അതിന് ശേഷമാണ് അദാനിയോടൊപ്പമുള്ള മോഡിയുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ആക്രമണം തുടങ്ങിയതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.