ആ യുഗം അവസാനിക്കുന്നുവോ? ഇനി മത്സരിക്കാനില്ല, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി ശരദ് പവാര്‍

ആ യുഗം അവസാനിക്കുന്നുവോ? ഇനി മത്സരിക്കാനില്ല, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി ശരദ് പവാര്‍

പൂനെ: രാഷ്ട്രീയം വിടുകയാണെന്ന സൂചന നല്‍കി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ ശരദ് പവാര്‍. എന്‍സിപിയിലേക്ക് പുതിയ നേതൃത്വത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി രാഷ്ട്രീയത്തില്‍ നിന്നും താന്‍ മാറിനില്‍ക്കുകയാണെന്ന് അദേഹം പറഞ്ഞു. ബാരാമതി നിയമസഭ മണ്ഡലത്തില്‍ കൊച്ചുമകന്‍ യുഗേന്ദ്ര പവാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് വിരമിക്കല്‍ സംബന്ധിച്ച സൂചന നല്‍കിയത്.

ഇനിയും ഒരു രാജ്യസഭാ എംപിയായി തുടരണമോ എന്ന കാര്യം അലോചിക്കുമെന്നും അദേഹം പറഞ്ഞു. 2026 ല്‍ രാജ്യസഭാ എംപി കാലാവധി അവസാനിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് അദേഹം സൂചന നല്‍കി. താന്‍ ഒരു തിരഞ്ഞെടുപ്പിലും ഇനി മത്സരിക്കില്ലെന്നും പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് വരേണ്ട സമയമാണിതെന്നും അദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചാലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോള്‍ അധികാരത്തിലില്ല. രാജ്യസഭയിലെ എംപിയാണ്. ഇനി ഒന്നര വര്‍ഷം അവശേഷിക്കുന്നുണ്ട്. ഇതിനകം 14 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. എല്ലായ്പ്പോഴും നിങ്ങള്‍ ജയിപ്പിച്ചു. ഇനി മത്സരിക്കാനില്ല. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്ന് കരുതുന്നും ശരത് പവാര്‍ പറഞ്ഞു.

അധികാരത്തിലിരുന്ന കാലത്ത് താന്‍ ജനങ്ങള്‍ക്ക് കാര്യമായ വികസനം കൊണ്ടുവന്നു. 70,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി, കാര്‍ഷികോല്‍പന്നങ്ങളുടെ വില ഉയര്‍ത്തി, കാര്‍ഷിക കയറ്റുമതി സുഗമമാക്കി, പ്രതിരോധ മന്ത്രാലയത്തില്‍ സേവനം അനുഷ്ടിക്കുമ്പോള്‍ സായുധ സേനയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കി.

താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തിയെന്നും അദേഹം ചൂണ്ടിക്കാട്ടി. ബാരാമതി നിയമസഭ മണ്ഡലത്തിലെ നിലവിലെ എംഎല്‍എയും പുതിയ എന്‍സിപിയുടെ തലവനുമായ അജിത് പവാറിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു. മണ്ഡലത്തിലെ ചില പദ്ധതികള്‍ അജിത് പവാര്‍ പൂര്‍ത്തിയാക്കിയില്ലെന്നും അദേഹം ആരോപിച്ചു.

നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ശരദ് പവാര്‍ പി.വി നരസിംഹ റാവുവിന്റെ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായും മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ കൃഷി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം 1999 ലാണ് അദേഹം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) രൂപീകരിച്ചത്.

പാര്‍ട്ടിയുടെ ആദ്യത്തെ പ്രസിഡന്റ് കൂടിയാണ് അദേഹം. 2023 ല്‍ ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി. 2023 ജൂലൈയില്‍ അജിത് പവാര്‍ ശരദ് പവാറിനെതിരെ മത്സരിക്കുകയും ഭരണകക്ഷിയായ ബിജെപി-ശിവസേന സര്‍ക്കാരില്‍ ചേരുകയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.