'ഒരാളുടെ വീട് തകര്‍ക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരമാണുള്ളത്?'; ബുള്‍ഡോസര്‍ രാജില്‍ യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

 'ഒരാളുടെ വീട് തകര്‍ക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരമാണുള്ളത്?'; ബുള്‍ഡോസര്‍ രാജില്‍ യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമ നടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.

ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും യു.പി സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നോട്ടീസ് പോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമ നടപടികള്‍ പാലിക്കാതെ അത് പൊളിച്ചു കളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈവേ കയ്യേറിയെന്നാരോപിച്ച് മുന്‍കൂര്‍ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് വീട് പൊളിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഒരു റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളെ അറിയിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് തന്റെ വീട് പൊളിച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

അതിനിടെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടി വെക്കണമെന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചതിനാല്‍ കേസ് മാറ്റി വെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വനിലയിരുത്തി.

ഹൈവേ നിര്‍മാണത്തിനായി ഒരു സര്‍വേയും നടത്തിയിട്ടില്ല. ഹൈവേയുടെ യഥാര്‍ഥ വീതിയോ കയ്യേറ്റത്തിന്റെ വ്യാപ്തിയോ വ്യക്തമാക്കുന്ന ഒരു രേഖയും സര്‍ക്കാരിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ചതിലും ഏറെ വീടുകള്‍ പൊളിച്ചു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.