ആരാധകരുടെ വോട്ട് ലക്ഷ്യമിട്ട് വിജയ്; സിനിമാ താരങ്ങളെ വിമര്‍ശിക്കരുതെന്ന് അണികള്‍ക്ക് നിര്‍ദേശം

ആരാധകരുടെ വോട്ട് ലക്ഷ്യമിട്ട് വിജയ്; സിനിമാ താരങ്ങളെ വിമര്‍ശിക്കരുതെന്ന് അണികള്‍ക്ക് നിര്‍ദേശം

ചെന്നൈ: സിനിമാ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിമര്‍ശനങ്ങള്‍ നടത്തരുതെന്ന് അണികളോട് തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്. ലക്ഷക്കണക്കിന് വരുന്ന രജനി, അജിത്ത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ടാണ് വിജയ്യുടെ ഈ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.

അടുത്തിടെ ചെന്നൈയില്‍ നടന്ന ടി.വി.കെ യോഗത്തിലാണ് താരങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് വിജയ് നിര്‍ദേശിച്ചത്. രജനീകാന്തിന്റെയും അജിത്തിന്റെയും പേരുകള്‍ എടുത്ത് പറയുകയും ചെയ്തിരുന്നു. രജനീകാന്തിനും അജിത്തിനും തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന ടി.വി.കെയെ സംബന്ധിച്ചിടത്തോളം മറ്റ് താരങ്ങളുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ അവയെ പരാജയപ്പെടുത്താന്‍ വിജയ് ആരാധകര്‍ രംഗത്ത് എത്താറുണ്ട്. വിജയ് ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രജനി, അജിത്ത് ആരാധകരും രംഗത്തെത്തും. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവര്‍ ഏറ്റുമുട്ടാറുണ്ട്. ഇത് ലഘൂകരിച്ച് അവരുടെ ആരാധകരെ ടി.വി.കെയോട് അടുപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നത്.

ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ വിജയ് ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്തിടെ ഗോട്ട് എന്ന സിനിമയില്‍ അജിത്ത് ആരാധകരെ സന്തോഷപ്പെടുത്തുന്ന രംഗം ഒരുക്കിയതും അതുകൊണ്ടാണെന്നു പറയപ്പെടുന്നു. അടുത്തിടെ രജനീകാന്ത് ആശുപത്രിയിലായിരിക്കെ ആരോഗ്യവിവരം തിരക്കി ആശംസ നേര്‍ന്നിരുന്നു. വിക്രവാണ്ടിയില്‍ നടന്ന ടി.വി.കെ. പ്രഥമ സമ്മേളനത്തിന് രജനീകാന്ത് ആശംസ നേരുകയും വിജയിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.