ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത ടൂള്‍കിറ്റ് കേസില്‍ രാജ്യദ്രോഹം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത. രാജ്യത്തെ ഏത് പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അത് അക്രമാസക്തമാകാത്തിടത്തോളം പ്രതിഷേധത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി.
ദിഷ രവിക്കെതിരെയുള്ള കേസ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു. പൊതുഇടങ്ങളില്‍ ലഭ്യമായ ടൂള്‍കിറ്റ് താന്‍ വായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ടൂള്‍കിറ്റില്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായ ഒന്നുമില്ല. ഒരാള്‍ക്ക് പ്രതിഷേധങ്ങളെ പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ടൂള്‍കിറ്റ് കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ച് അജ്ഞത മൂലമാണെന്നും ദീപക് ഗുപ്ത പറഞ്ഞു.
1962ലെ കേദാര്‍സിങ് വേഴ്‌സസ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കലാപത്തിനും അക്രമത്തിനും പൊതുജീവിതത്തിന്റെ ഭംഗത്തിനും ഇടവരുത്തിയതിനാലാണ്. എന്നാല്‍ ടൂള്‍കിറ്റ് കേസില്‍ ഇത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ചയാണ് ഗ്രെറ്റ ത്യൂന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ 21കാരിയെ ബംഗളുരുവില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ദിഷയെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കര്‍ഷക സമരത്തില്‍ പ്രതിഷേധമറിയിച്ച ഗ്രെറ്റ ത്യൂന്‍ബര്‍ഗ് അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹം, ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്തല്‍, സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.