സഞ്ജുവിന് വീണ്ടും സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി -20യില്‍ ഇന്ത്യയ്ക്ക് ജയം

സഞ്ജുവിന് വീണ്ടും സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യ ട്വന്റി -20യില്‍ ഇന്ത്യയ്ക്ക് ജയം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം. ഇന്നലെ ഡര്‍ബനില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്‌സും അടക്കം 107 റണ്‍സ് നേടിയാണ് പുറത്തായത്.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ആള്‍ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയ്യും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജുവാണ് മാന്‍ ഒഫ് ദ മാച്ച്.

സഞ്ജുവിനെക്കൂടാതെ അഭിഷേക് ശര്‍മ്മ(7), സൂര്യകുമാര്‍ യാദവ് (21), തിലക് വര്‍മ്മ (33), ഹാര്‍ദിക് പാണ്ഡ്യ (2), റിങ്കു സിംഗ് (11),അക്ഷര്‍ പട്ടേല്‍ (7), രവി ബിഷ്‌ണോയ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പ്രഹരിച്ച സഞ്ജു നേരിട്ട 27-ാമത്തെ പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തി. സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് ശേഷമെത്തിയ സൂര്യകുമാറുമായി ചേര്‍ന്ന് ആറ് ഓവറില്‍ 66 റണ്‍സടിച്ചു. സൂര്യ മടങ്ങിയ ശേഷം തിലകിനൊപ്പം സെഞ്ച്വറിയിലേക്ക് കുതിച്ചു. തിലകിനൊപ്പം 77 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

അന്താരാഷ്ട്ര ട്വന്റി-20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും നാലാമത്തെ ലോകതാരവുമാണ് സഞ്ജു. കഴിഞ്ഞമാസം ബംഗ്‌ളാദേശിനെതിരെ സഞ്ജു 111 റണ്‍സ് നേടിയിരുന്നു. ഇന്നലെ 10 സിക്‌സുകള്‍ പായിച്ച സഞ്ജു ഒരു ട്വന്റി-20 ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ രോഹിത് ശര്‍മ്മയുടെ റെക്കാഡിനൊപ്പമെത്തി. 2017ല്‍ ശ്രീലങ്കയ്ക്ക് എതിരെയാണ് രോഹിത് 10 സിക്‌സ് പറത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 സ്‌കോറാണ് സഞ്ജുവിന്റേത്. 2015ല്‍ രോഹിത് നേടിയ 106 റണ്‍സാണ് മറികടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.